ന്യൂഡൽഹി > പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി മേഘാലയ ഗവർണർ സത്യപാൽ മാലിക്. കര്ഷകസമരം അവസാനിപ്പിക്കാന് മുന്കൈയെടുക്കണമെന്ന് നിര്ദേശിച്ചപ്പോള് മോദി ധാര്ഷ്ട്യത്തോടെ പെരുമാറിയെന്ന് മാലിക് ആരോപിച്ചു. ഹരിയാനയിലെ ദാദ്രിയില് നടന്ന പൊതുപരിപാടിയില് സംസാരിക്കവെയാണ് പ്രധാനമന്ത്രിക്കെതിരെ ഗവർണറുടെ രൂക്ഷവിമർശനം.
കര്ഷകര് മരിച്ചത് തനിക്കു വേണ്ടിയല്ലെന്ന് മോദി പറഞ്ഞുവെന്നും തുടര്ന്ന് മോദിയുമായി വഴക്കിട്ടുവെന്നും മാലിക്ക് പറഞ്ഞു. കർഷകസമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തെ കാണുകയുണ്ടായി. അഞ്ച് മിനിറ്റിനുള്ളിൽ വളരെ മോശമായി പെരുമാറി. 500 കർഷകർ സമരത്തിനിടെ മരിച്ചുവെന്ന് പറഞ്ഞപ്പോൾ “അവർ എനിക്കുവേണ്ടിയാണോ മരിച്ചത്?’ എന്നായിരുന്നു ചോദ്യം. താങ്കൾ രാജാവായിരിക്കുന്നതുകൊണ്ടാണ് ഇത് സംഭവിച്ചത് എന്നുപറഞ്ഞു. തുടർന്ന് അമിത് ഷാ യെ കാണാൻ പറഞ്ഞ് അലസിപ്പിരിയുകയായിരുന്നു.
കർഷകസമരത്തിന്റെ തുടക്കത്തില് തന്നെ കേന്ദ്ര സര്ക്കാര് നിലപാടിന് എതിരായി പറഞ്ഞ നേതാവാണ് സത്യപാല് മാലിക്. നേരത്തെ ജമ്മു കശ്മീര് ഗവര്ണറായിരുന്നു. പിന്നീട് അദ്ദേഹത്തെ ഗോവയിലേക്കും മേഘാലയയിലേക്കും മാറ്റി.