തിരുവനന്തപുരം
ചാൻസലറുടെ അസാന്നിധ്യത്തിലോ, പ്രവർത്തിക്കാത്ത സാഹചര്യത്തിലോ പ്രോ ചാൻസലർക്ക് ചാൻസലറുടെ എല്ലാ അധികാരവും ഉപയോഗിച്ച് പ്രവർത്തിക്കാനാകുമെന്ന് നിയമവിദഗ്ധൻ അഡ്വ. കാളീശ്വരം രാജ്. കേരള സർവകലാശാലാ ചട്ടം അത് അനുവദിക്കുന്നുണ്ടെന്നും ‘ദി ഹിന്ദു’വിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ചാൻസലറായി തുടരില്ലെന്ന് ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ ആവർത്തിക്കുന്ന സാഹചര്യത്തിലാണ് കാളീശ്വരം രാജിന്റെ പ്രതികരണം.
കേരളത്തിലെ സർവകലാശാലകളിൽ ചാൻസലറുടെ അസാന്നിധ്യമെന്നത് യാഥാർഥ്യമാണ്. ചാൻസലറുടെ അസാന്നിധ്യമുണ്ടാകരുതെന്ന് സർവകലാശാലാ ചട്ടത്തിലെ വ്യവസ്ഥയെ വ്യാഖ്യാനിക്കാം. ഗവർണറുടെ ആവർത്തിച്ചുള്ള വാദത്തിൽനിന്ന് ചാൻസലർ പ്രവർത്തിക്കാത്ത സാഹചര്യമാണെന്ന് പറയാനാകും. ഈ സാഹചര്യത്തിൽ പ്രോ ചാൻസലറായ മന്ത്രിക്ക് ചാൻസലറുടെ എല്ലാ അധികാരവും ഉപയോഗിച്ച് എല്ലാ ചുമതലയും നിർവഹിക്കാമെന്നും അദ്ദേഹം പറഞ്ഞു.















