കൊച്ചി
കിറ്റെക്സിലെ അതിഥിത്തൊഴിലാളികൾ പൊലീസിനെ ആക്രമിച്ച കേസിൽ പ്രതികളെയാകെ നിയമത്തിനുമുന്നിൽ എത്തിക്കാനുള്ള തീവ്രയത്നത്തിൽ പ്രത്യേക അന്വേഷകസംഘം. ആക്രമണത്തിൽ പങ്കാളികളായ 174 അതിഥിത്തൊഴിലാളികളാണ് ഇതുവരെ അറസ്റ്റിലായത്. പ്രതികളുടെയാകെ പങ്കാളിത്തം വ്യക്തമായ തെളിവുകളുടെ പിൻബലത്തിൽ കണ്ടെത്താനുള്ള വിശ്രമമില്ലാത്ത ജോലിയിലാണ് ആലുവ റൂറൽ ഡിവൈഎസ്പി അനൂജ് പരിവാലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷകസംഘം. അഡീഷണൽ എസ്പി കെ ലാൽജിക്കാണ് അന്വേഷണത്തിന്റെ മേൽനോട്ടം.
പൊലീസിനുനേരെ സംസ്ഥാനത്തുണ്ടായ ഏറ്റവും വലിയ സംഘടിത ആക്രമണമെന്ന നിലയിലാണ് കേസ് കൈകാര്യം ചെയ്യുന്നത്. സംസ്ഥാന പൊലീസിന്റെ ചരിത്രത്തിൽ ഇത്തരമൊരു ആക്രമണത്തെ നേരിടുന്നതും ആദ്യം. അതുകൊണ്ടുതന്നെ ഏറ്റവും ചടുലമായ നീക്കങ്ങളാണ് പിന്നീട് പൊലീസ് നടത്തിയത്. അതിവേഗം പ്രത്യേകസംഘത്തെ അന്വേഷണത്തിന് നിയോഗിച്ചു. മണിക്കൂറുകൾക്കുള്ളിലാണ് 174 പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. ആക്രമണത്തിന് ഇരയായ പൊലീസുകാരുടെയും കിറ്റെക്സിലെ മറ്റു ജീവനക്കാരുടെയും നാട്ടുകാരുടെയും മൊഴിപ്രകാരമായിരുന്നു അറസ്റ്റ്. ലഭ്യമായ വീഡിയോദൃശ്യങ്ങളും പരിശോധിച്ചു. ശബരിമല കലാപകാലത്തുപോലും ഇത്രയേറെ പ്രതികളെ ഒറ്റദിവസം അറസ്റ്റ് ചെയ്തിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥരിലൊരാൾ പറഞ്ഞു.
അതിഥിത്തൊഴിലാളികളിൽ 24 പേർമാത്രമാണ് അക്രമികൾ എന്നാണ് കമ്പനി എംഡി പറഞ്ഞത്. ആ വാദം തള്ളിയാണ് അന്വേഷകസംഘം മുന്നോട്ടുപോയത്. ആക്രമണത്തിന് സാക്ഷിയായ നാട്ടുകാരും കിറ്റെക്സിലെ മറ്റു ജീവനക്കാരും പ്രതികളെക്കുറിച്ച് നൽകിയ വിവരങ്ങൾ പൊലീസിന് വിലപ്പെട്ടതായി.
ആക്രമണം നിയന്ത്രണവിധേയമായതിനുപിന്നാലെ തൊഴിലാളികളുടെ ക്യാമ്പുകളിൽ റെയ്ഡ് നടത്തി. ഏതാനും പ്രതികളെ കമ്പനി പൊലീസിൽ ഹാജരാക്കി. ജാമ്യമില്ലാവകുപ്പിൽ അറസ്റ്റിലായ എല്ലാവരെയും റിമാൻഡ് ചെയ്ത് വിവിധ ജയിലുകളിലാക്കി. പൊലീസിനെ വധിക്കാൻ ശ്രമിച്ചതിനും പൊതുമുതൽ നശിപ്പിച്ചതിനുമാണ് കേസെടുത്തത്. എല്ലാവരുടെയും വൈദ്യപരിശോധനയും കോവിഡ് പരിശോധനയും വളരെ ശ്രമകരമായാണ് പൂർത്തിയാക്കിയത്. വിവിധ ഭാഷക്കാരായ പ്രതികളുടെ മൊഴിയെടുക്കൽ അതിലും ശ്രമകരമായിരുന്നു. പട്ടാളസേവനം കഴിഞ്ഞ ഹോംഗാർഡുകളെ ഇടനിലക്കാരാക്കിയാണ് മൊഴിയെടുപ്പും ചോദ്യംചെയ്യലും പൂർത്തിയാക്കിയത്. മൂവാറ്റുപുഴ ജയിലിലുണ്ടായിരുന്ന 25 പ്രതികളെ ഞായറാഴ്ച വിയ്യൂരിലേക്ക് മാറ്റി. ജയിലിലെ അസൗകര്യംമൂലമാണ് മാറ്റിയത്.
സിഐയെ വധിക്കാൻ ശ്രമിച്ച കേസിലടക്കം പ്രതിയായ നാലുപേരെ കഴിഞ്ഞദിവസം പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. ഇവരിൽനിന്ന് വിശദമായ മൊഴിയുമെടുത്തു. ആവശ്യമെങ്കിൽ കൂടുതൽ പ്രതികളെ കസ്റ്റഡിയിൽ വാങ്ങും. അറസ്റ്റിലായ 174 പേരുടെയും പങ്കാളിത്തം നിർണയിച്ച് പ്രതിചേർക്കാനുള്ള പ്രവർത്തനത്തിലാണ് ഇപ്പോൾ അന്വേഷകസംഘം.