കൊല്ലം
കൂടുതൽ ജനകീയ പ്രശ്നങ്ങൾ ഏറ്റെടുക്കാനും ബഹുജന പങ്കാളിത്തത്തോടെ ജില്ലയുടെ സമഗ്രവികസനം സാധ്യമാക്കാനുള്ള തീരുമാനത്തോടെ സിപിഐ എം കൊല്ലം ജില്ലാ സമ്മേളനം സമാപിച്ചു. ബി രാഘവൻ നഗറിൽ (പ്രതീക്ഷ കൺവൻഷൻ സെന്റർ, വാളകം)മൂന്നു ദിവസമായി നടന്ന സമ്മേളനം ജില്ലയിൽ തൊഴിലാളിവർഗ പാർടിയുടെ കരുത്ത് വിളിച്ചറിയിക്കുന്നതായി.
കൂടുതൽ കരുത്തോടെയും ഐക്യത്തോടെയും മുന്നോട്ടുപോകാൻ സമ്മേളനം ആഹ്വാനംചെയ്തു. പരമ്പരാഗത വ്യവസായ മേഖലയുടെയും കാർഷികമേഖലയുടെയും വികസനത്തിന് പ്രധാന്യം നൽകും. ജില്ലയുടെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന പദ്ധതികൾക്ക് രൂപംനൽകും. പാലിയേറ്റീവ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും. ജില്ലയുടെ വികസനത്തിൽ എല്ലാവിഭാഗം ജനങ്ങളെയും പങ്കാളിയാക്കും. കെ–റെയിൽ യാഥാർഥ്യമാക്കുന്നതിൽ ബഹുജനപിന്തുണ ഉറപ്പാക്കും.
സംസ്ഥാനകമ്മിറ്റി അംഗങ്ങളും 42 ജില്ലാകമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ 249 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. 30 വനിതകളും 20നും 25നുമിടെ പ്രായമുള്ള രണ്ടുപേരും 26നും 35നുമിടെ 16പേരും 35നും 40നുമിടെ 11 പേരും പങ്കെടുത്തു. 37 ജനപ്രതിനിധികളും പങ്കെടുത്തു.
പ്രവർത്തനറിപ്പോർട്ടിൻമേലുള്ള ചർച്ചയിൽ ഏഴു വനിതകൾ ഉൾപ്പെടെ 47പേർ പങ്കെടുത്തു. ജില്ലാ സെക്രട്ടറി എസ് സുദേവൻ, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എന്നിവർ മറുപടി പറഞ്ഞു. പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രൻപിള്ള, കേന്ദ്രകമ്മിറ്റിഅംഗങ്ങളായ വൈക്കം വിശ്വൻ, ഡോ. ടി എം തോമസ് ഐസക്, പി കെ ശ്രീമതി, എം വി ഗോവിന്ദൻ, സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ എം എം മണി, ആനത്തലവട്ടം ആനന്ദൻ, കെ ജെ തോമസ്, കെ എൻ ബാലഗോപാൽ, മുതിർന്ന നേതാവ് പി കെ ഗുരുദാസൻ എന്നിവർ പങ്കെടുത്തു. പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനംചെയ്തു.