തിരുവനന്തപുരം
രമേശ് ചെന്നിത്തല–-വി ഡി സതീശൻ പോര് മുറുകി. കോൺഗ്രസിലെ ഒരു നേതാവും ബിജെപിയുടെ ‘മെഗാഫോൺ ’ ആകേണ്ടെന്ന പ്രതിപക്ഷ നേതാവ് സതീശന്റെ പ്രസ്താവന ചെന്നിത്തലയ്ക്കെതിരെയുള്ള കടന്നാക്രമണമാണ്. ഡി ലിറ്റ് വിഷയത്തിൽ ബിജെപിയുടെയും ഗവർണറുടെയും വാദങ്ങൾക്ക് ചൂട്ടുപിടിക്കുന്ന നിലപാടാണ് ചെന്നിത്തലയ്ക്കെന്ന ആക്ഷേപമാണ് സതീശൻ ഉയർത്തിയത്. ചെന്നിത്തലയുടെ സംഘപരിവാർ ബന്ധവും ചർച്ചയാക്കുന്നുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാവിലെ പറയുന്നത് ഉച്ചയ്ക്ക് ആവർത്തിക്കുന്ന ശീലമായിരുന്നു പ്രതിപക്ഷ നേതാവ് ആയിരുന്നപ്പോൾ ചെന്നിത്തലയ്ക്കെന്ന വാദം സതീശൻ അനുകൂലികൾ ഏറ്റെടുത്തു.
രാഷ്ട്രപതിക്ക് ഡി ലിറ്റ് നൽകണമെന്ന് ഗവർണർ ആരിഫ് മൊഹമ്മദ്ഖാൻ കേരള സർവകലാശാലയോട് ആവശ്യപ്പെട്ടെന്നും സർവകലാശാല നിഷേധിച്ചെന്നുമാണ് ചെന്നിത്തല ആരോപിച്ചത്. ഇത് യഥാർഥ പ്രശ്നങ്ങൾ വഴിതിരിച്ചുവിടാനുള്ള തന്ത്രമാണെന്നും ഗവർണർ അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ അത് നിയമവിരുദ്ധമാണെന്നും സതീശൻ തിരിച്ചടിച്ചു. രാഷ്ട്രപതിയെ അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴച്ചെന്ന ആക്ഷേപവുമുണ്ട്.
ഗവർണർതന്നെ കാര്യങ്ങൾ വ്യക്തമാക്കട്ടെയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചു. ചെന്നിത്തലയെ ന്യായീകരിച്ച് കേന്ദ്രമന്ത്രി വി മുരളീധരനും ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനും രംഗത്തുവന്നു.