പാലക്കാട്
വികസന ബദലും വർഗീയതയോട് സന്ധിയില്ലാ സമരവും പ്രഖ്യാപിച്ച് സിപിഐ എം പാലക്കാട് ജില്ലാ സമ്മേളനം സമാപിച്ചു. ടി ചാത്തു, കെ വി വിജയദാസ് നഗറിൽ (പിരായിരി ഹൈടെക് ഓഡിറ്റോറിയം) ചേർന്ന മൂന്നു ദിവസത്തെ സമ്മേളനം പാർടിയുടെ ശക്തി വിളിച്ചോതുന്നതായി.
കൂടുതൽ ജനകീയ പ്രശ്നങ്ങൾ ഏറ്റെടുത്ത് പാർടിയുടെ വേരോട്ടം കൂടുതൽ ശക്തമാക്കും. കാർഷിക, വ്യവസായ ജില്ലയായ പാലക്കാടിന്റെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തും. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബെമൽ വിൽപനയ്ക്കെതിരെ പോരാട്ടം ശക്തമാക്കും. ഇൻസ്ട്രുമെന്റേഷൻ സംസ്ഥാന സർക്കാരിന് കൈമാറാനുള്ള നീക്കം വൈകിപ്പിക്കുന്ന കേന്ദ്രസർക്കാർ നിലപാട് തുറന്നുകാണിക്കും.
തൊഴിൽമേഖലയിലെ സർക്കാർ ഇടപെടലിന് ശക്തിപകരും. ക്ഷേമ പ്രവർത്തനങ്ങൾ കൂടുതൽ വിപുലമാക്കാനും സമ്മേളനം തീരുമാനിച്ചു.ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ അവതരിപ്പിച്ച റിപ്പോർട്ടിൽ നടന്ന ചർച്ചയിൽ 45 പേർ പങ്കെടുത്തു. 177 പ്രതിനിധികളും 41 ജില്ലാ കമ്മിറ്റി അംഗങ്ങളും ജില്ലയിലെ സംസ്ഥാന കമ്മിറ്റി അംഗങ്ങളും സമ്മേളനത്തിന്റെ ഭാഗമായി.
പ്രതിനിധി സമ്മേളനം പൊളിറ്റ് ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ വിജയരാഘവൻ, ഇ പി ജയരാജൻ, എ കെ ബാലൻ, എം സി ജോസഫൈൻ, കെ കെ ശൈലജ, എളമരം കരീം, കെ രാധാകൃഷ്ണൻ, സംസ്ഥാന സെക്രട്ടറിയറ്റംഗം ബേബി ജോൺ എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു. പൊതുസമ്മേളനം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.