തിരുവനന്തപുരം
സംസ്ഥാനം കുറ്റകൃത്യത്തിന്റെ കേന്ദ്രമാകുന്നുവെന്ന പ്രചാരണം പൊളിച്ചടക്കി ക്രൈം സ്റ്റാറ്റസ്. കേരളത്തിൽ ക്രിമിനൽ കേസ് കുറഞ്ഞതായി സ്റ്റേറ്റ് ക്രൈം റെക്കോഡ് ബ്യൂറോയുടെ (എസ്സിആർബി) കണക്ക്. കഴിഞ്ഞവർഷം 1,49,099 ഐപിസി കേസാണ് രജിസ്റ്റർ ചെയ്തത്. ഈ വർഷം ഒക്ടോബർവരെ 1,14,775 കേസ് മാത്രം. നവംബറിലെയും ഡിസംബറിലെയും കണക്ക് ചേർത്താലും മുൻ വർഷത്തേക്കാളും കുറവാണ്.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ചെറിയ പരാതിയിൽപ്പോലും എഫ്ഐആർ രജിസ്റ്റർചെയ്യുന്ന സംസ്ഥാനമായിട്ടുകൂടി കേരളത്തിൽ കേസുകൾ കുറയുന്നത് കുറ്റമറ്റ ക്രമസമാധാനത്തിന് തെളിവാണ്.
സ്ത്രീകൾക്കെതിരായ കുറ്റകൃത്യം തുടർച്ചയായി കുറഞ്ഞു. കോവിഡ് കാലത്ത് ഗാർഹിക പീഡനക്കേസുകളിൽ നേരിയ വർധനയുണ്ടായി. 2016ൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യത്തിന് 15,114 കേസാണ് രജിസ്റ്റർ ചെയ്തത്. 2017ൽ 14,263ഉം 2018ൽ 13,643ഉം 2019ൽ 14,293ഉം 2020ൽ 12,659ഉം 2021ൽ 12,784 സ്ത്രീപീഡനക്കേസും രജിസ്റ്റർ ചെയ്തു.
കുട്ടികൾക്കെതിരായ കേസും കുറയുകയാണ്. കഴിഞ്ഞവർഷം 3941 പോക്സോ കേസ് രജിസ്റ്റർ ചെയ്തിടത്ത് 2021ൽ 3557 മാത്രമാണ്. എന്നാൽ, ഓൺലൈൻ ഉപയോഗം കൂടിയതിനാൽ സൈബർ കേസിന്റെ എണ്ണം കൂടി. 2020ൽ 429 സൈബർ കേസാണ് രജിസ്റ്റർ ചെയ്തത്. 2020ൽ 1880 ബലാൽസംഗക്കേസ് രജിസ്റ്റർ ചെയ്തിടത്ത് 1845 കേസാണ് 2021ൽ രജിസ്റ്റർ ചെയ്തത്.
സ്ത്രീധനപീഡന മരണത്തിൽ നേരിയ വർധനയുണ്ട്. 2020ൽ ആറ് മരണമായിരുന്നെങ്കിൽ 2021ൽ ഇത് എട്ടായി. എന്നാൽ, 2016ൽ സ്ത്രീധനപീഡന മരണം 25 ആയിരുന്നു.