തിരുവനന്തപുരം
ആർടിപിസിആർ പരിശോധനയിലൂടെ രോഗിയിലെ അണുബാധയ്ക്ക് കാരണമായ കോവിഡ് വകഭേദം ഏതെന്ന് കണ്ടെത്താനാകും. എന്നാൽ, ഒമിക്രോൺ വകഭേദത്തിൽ ശാസ്ത്രീയത ഉറപ്പുവരുത്താൻ ജനിതകശ്രണീകരണ പരിശോധനകൂടി നടത്തിയാണ് സ്ഥിരീകരിക്കുന്നത്.
ആർടിപിസിആർ പരിശോധനയിൽ വൈറസിലെ സ്പൈക്ക് (എസ്), ന്യൂക്ലിയോകാസ്പിഡ് (എൻ 2), എൻവലപ് (ഇ) എന്നീ മൂന്ന് ജീനിന്റെ സാന്നിധ്യമാണ് പരിശോധിക്കുക. പരിശോധനയിൽ എസ് ജീൻ കണ്ടെത്തിയാൽ അത് ഒമിക്രോൺ വകഭേദമാകാൻ സാധ്യതയുണ്ട്. ഇങ്ങനെയുള്ള സാമ്പിൾ പിന്നീട് ജനിതകശ്രേണീകരണം വഴി ഒമിക്രോൺ ആണെന്ന് ഉറപ്പിക്കും.
കേരളത്തിൽ തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിലാണ് പ്രധാനമായും പരിശോധന നടത്തുന്നത്. ഇതിനുപുറമെ ഡൽഹിയിലെ പബ്ലിക് ലാബിലേക്കും സാമ്പിൾ അയക്കാറുണ്ട്. ആർജിസിബിയിൽ 48 മുതൽ 72 മണിക്കൂറാണ് ഫലം ലഭിക്കാനെടുക്കുന്നത്. ഒരു ദിവസം 3000 സാമ്പിൾ പരിശോധിക്കാനാകും.
തുടക്കത്തിൽ പത്തിൽത്താഴെ സാമ്പിളാണ് പരിശോധിക്കേണ്ടിയിരുന്നതെങ്കിലും ഇപ്പോൾ അത് വർധിച്ചിട്ടുണ്ട്. ഒക്സ്ഫഡ് നാനോപോർ മെഷീനുകളാണ് ആർജിസിബി ലാബിൽ ഉപയോഗിക്കുന്നത്.