ഗംഗാവതി (കൊപ്പൾ)
പാർലമെന്റിനെ നോക്കുകുത്തിയാക്കി മോദി സർക്കാർ രാജ്യത്തെ പിന്നോട്ടടിപ്പിച്ചെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. ഞായർ രാവിലെ മാരുതി മാൻപടെ നഗറിൽ (അമരജ്യോതി ഓഡിറ്റോറിയം) സിപിഐ എം 23-–-ാം കർണാടക സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശീയ സമ്പത്ത് മുഴുവൻ വൻകിടക്കാർക്ക് തീറെഴുതുകയാണ്. ഇതിനെതിരെ കർഷകരുടെയും തൊഴിലാളികളുടെയും സംയുക്ത പ്രക്ഷോഭം ഉയർന്നുവരുന്നത് പ്രതീക്ഷ നൽകുന്നു.
ഡൽഹിയിലെ കർഷകരുടെ അഭൂതപൂർവമായ സമരം നവലിബറൽ നയങ്ങൾക്കെതിരായ ജനരോഷത്തിന്റെ അടയാളമാണ്.
ഹിന്ദുത്വ കോർപറേറ്റ് ഉടമസ്ഥതയ്ക്ക് ബദൽ സൃഷ്ടിക്കാൻ ഇടതുപക്ഷ ജനാധിപത്യ ശക്തികൾക്കേ കഴിയൂ. എന്നാൽ, രാജ്യത്തെ അവസരവാദ പാർടികളുടെ വിട്ടുവീഴ്ചാ മനോഭാവം ഇതിന് തടസ്സമാകുന്നെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം നിത്യാനന്ദ സ്വാമി അധ്യക്ഷനായി.
പൊളിറ്റ് ബ്യൂറോ അംഗങ്ങൾ എം എ ബേബി, ബി വി രാഘവലു, സംസ്ഥാന സെക്രട്ടറി യു ബസവരാജ, കേന്ദ്ര കമ്മിറ്റി അംഗം ജെ ഭരദ്വാജ്, കെ ശങ്കർ, വസന്ത ആചാര്യ, വരലക്ഷ്മി, ജെ ബാലകൃഷ്ണ ഷെട്ടി, മീനാക്ഷി സുന്ദര, കെ എൻ ഉമേഷ, ജി നാഗരാജ, നിരുപാടി ബേണക്കൽ, കെ ഹുസേനപ്പ, കെ നീല, പയ്യരേടി തുടങ്ങിയവർ സംസാരിച്ചു. സമ്മേളനം ചൊവ്വാഴ്ച സമാപിക്കും.