തിരുവനന്തപുരം > കാസർകോട് സർക്കാർ മെഡിക്കൽ കോളേജിൽ ഒ.പി വിഭാഗം തിങ്കളാഴ്ചമുതൽ ആരംഭിക്കും. രാവിലെ 10ന് ആരോഗ്യമന്ത്രി വീണാ ജോർജ് ഓൺലൈനായി ഉദ്ഘാടനം ചെയ്യും. അക്കാദമിക് ബ്ലോക്കിൽ പകൽ ഒമ്പതുമുതൽ ഒന്നുവരെയാണ് ഒപി പ്രവർത്തിക്കുക. മെഡിക്കൽ, പീഡിയാട്രിക് ഒപികളാണ് ആദ്യഘട്ടത്തിൽ ആരംഭിക്കുന്നത്. ന്യൂറോളജി, റുമറ്റോളജി, നെഫ്രോളജി വിഭാഗം സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ട്.
സർജറി, ഇഎൻടി, ഒഫ്ത്താൽമോളജി, ഡെന്റൽ ഒപികൾ തുടങ്ങാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. നിലവിലെ ഒപിക്കാവശ്യമായ ജീവനക്കാരെയും മരുന്നുകളും മറ്റ് സാമഗ്രികളും സജ്ജമാക്കിയിട്ടുണ്ട്. ഒപി തുടങ്ങുന്നതിന് മുന്നോടിയായി ന്യൂറോളജിസ്റ്റിനെ നിയമിച്ചിരുന്നു. എൻഡോസൾഫാൻ ദുരിതബാധിതരുടെ ദീർഘനാളായുള്ള ആവശ്യമാണ് ഇതിലൂടെ നടപ്പാക്കിയത്.