കൊച്ചി > അന്തരിച്ച എംപി പി എം സെയ്തിന്റെ സ്മാരകമായിരുന്ന ലക്ഷദ്വീപ് അന്ത്രോത്ത് ദ്വീപിലെ കോളേജ് ഇനി അദ്ദേഹത്തിന്റെ പേരില്ലാത്ത ഗവ. കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ്. കലിക്കറ്റ് സർവകലാശാലയിൽനിന്ന് മാറ്റി പുതുച്ചേരി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തപ്പോഴാണ് കോളേജിന്റെ പേരും മാറ്റിയത്. ദീർഘകാലം ലക്ഷദ്വീപ് എംപിയും ലോക്സഭാ ഉപാധ്യക്ഷനുമൊക്കെയായിരുന്ന പി എം സെയ്തിന്റെ പേര് ഒഴിവാക്കിയിട്ടും കോൺഗ്രസ് യാതൊരു പ്രതിഷേധവും അറിയിച്ചിട്ടില്ല. ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവാണ് കഴിഞ്ഞദിവസം കോളേജ് ഉദ്ഘാടനം ചെയ്തത്.
പത്തുവട്ടം ലക്ഷദ്വീപിൽനിന്ന് ലോക്സഭാംഗമായിട്ടുള്ള പി എം സെയ്തിന്റെ പേരിൽഅദ്ദേഹത്തിന്റെ ജന്മനാടുകൂടിയായ അന്ത്രോത്ത് ദ്വീപിലുള്ള ഏക സ്മാരകമായിരുന്നു കോളേജ്. ബിജെപി നേതാവ് പ്രഫുൽ കോഡ പട്ടേൽ അഡ്മിനിസ്ട്രേറ്ററായശേഷമാണ് കോളേജുകളുടെ അഫിലിയേഷൻ കലിക്കറ്റിൽനിന്ന് മാറ്റിയത്. കേരളവുമായുള്ള ബന്ധങ്ങൾ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായിരുന്നു അത്. തുടർന്ന് പുതുച്ചേരി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത് പുതിയ കോളേജായി ഉപരാഷ്ട്രപതി ഉദ്ഘാടനവും നടത്തി. സെയ്തിന്റെ പേരുനീക്കി കോളേജിനുമുന്നിൽ ബോർഡ് സ്ഥാപിച്ചിട്ടും കോൺഗ്രസ് അറിഞ്ഞമട്ടുകാണിച്ചില്ല.
ഉദ്ഘാടനച്ചടങ്ങിൽ പ്രതിഷേധമില്ലാതെ നേതാക്കൾ പങ്കെടുക്കുകയും ചെയ്തു. എന്നാൽ, ദ്വീപുവാസിയായ സിനിമാപ്രവർത്തക ആയിഷ സുൽത്താന ഉൾപ്പെടെ പലരും സമൂഹമാധ്യമങ്ങളിൽ പ്രതിഷേധമുയർത്തി. എന്നിട്ടും ലക്ഷദ്വീപിലെ കോൺഗ്രസ് ഘടകം പ്രതികരിച്ചിട്ടില്ല. ലക്ഷദ്വീപിലെ എക്കാലത്തെയും വലിയ നേതാവായ പി എം സെയ്തിനെ അഡ്മിനിസ്ട്രേഷൻ ഒഴിവാക്കിയതിൽ ദ്വീപുവാസികൾ രോഷാകുലരാണ്. അതേസമയം, കോൺഗ്രസിൽ പ്രതിഷേധമുയരാത്തതും ദ്വീപിൽ വലിയ ചർച്ചയായിട്ടുണ്ട്.