കോഴിക്കോട്: രാഷ്ട്രീയ ഭിന്നതകൾക്കപ്പുറം സിൽവർ ലൈനിനെതിരെ സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധം ആളിപ്പടരുകയാണെന്ന് കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. വിമോചന സമരത്തിലൂടെ സർക്കാറിനെ പുറത്താക്കാനുള്ള ശ്രമമായി ഇതിനെ ചിത്രീകരിക്കുന്ന കോടിയേരി ഇരുട്ടുകൊണ്ട് ഓട്ടയടക്കുകയാണെന്നും മുല്ലപ്പള്ളി ആരോപിച്ചു.
ഇപ്പോൾത്തന്നെ ഇന്ത്യൻ റെയിൽവെ ബ്രോഡ് ഗേജിലൂടെ 160 കിലോമീറ്റർ വേഗതയിൽ വണ്ടികൾ ഓടിക്കുമ്പോഴാണ് കേരളത്തെ തകർത്തെറിഞ്ഞുകൊണ്ട് സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കാനുള്ള ശ്രമം. കോൺഗ്രസ്സും ആർ.എസ്സ്.എസ്സുംബി.ജെ.പി.യും ജമാഅത്തെ ഇസ്ലാമിയുമെല്ലാം കൈകോർക്കുന്നുവെന്ന പാർട്ടി സെക്രട്ടറിയുടെ അസംബന്ധജഡിലമായ പ്രസ്താവന ജനം ഇതിനകം തിരിച്ചറിഞ്ഞുകഴിഞ്ഞു.
ആർ.എസ്സ്.എസ്സും കോടിയേരിയുടെ പാർട്ടിയും സ്വാതന്ത്ര്യ സമരകാലത്ത് തുടങ്ങിയ ബന്ധം ആർക്കാണ് അറിയാത്തത്. ബി.ജെ.പിയുമായുള്ള സി.പി.എം. അന്തർധാര ഇപ്പോഴും തുടരുകയാണ്. ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയുംസി.പി.എമ്മിന്റെ ബി ടീം ആണ്. പാർട്ടി സെക്രട്ടറി മലർന്നുകിടന്ന് മേലോട്ട് തുപ്പരുതെന്നും മുല്ലപ്പള്ളി പറഞ്ഞു.
ജനനിബിഢവും പരിസ്ഥിതിലോലവുമായ കേരളത്തെ പൂർണ്ണമായി തകർക്കുന്നതാണ് ഈ സിൽവർ ലൈൻ പദ്ധതി. 25 ലക്ഷം ടോറസ് കരിങ്കല്ലും 20 ലക്ഷം ടോറസ് മണ്ണും എവിടെ നിന്ന് കിട്ടുമെന്നും മുല്ലപ്പള്ളി ചോദിച്ചു.
Content Highlights: Mullappally Ramachandran,Kodiyeri Balakrishnan,Silver line