പാലക്കാട്: ഇ.എൻ.സുരേഷ് ബാബുവാണ്സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി. തർക്കങ്ങൾക്ക് ഒടുവിലാണ് തീരുമാനം. അവസാനഘട്ടത്തിൽ രണ്ട് പേരുകളാണ് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് ഉയർന്നുവന്നത്. എന്നാൽ ഇന്നലെ രാത്രി മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ ഒറ്റപേരിലേക്ക് എത്തിയെന്നാണ് വിവരം.
പി.കെ.ശശി തൃത്താല മുൻ എംഎൽഎ വി.കെ.ചന്ദ്രന്റെ പേരാണ് നിർദേശിച്ചത്. നിലവിലെ ജില്ലാ സെക്രട്ടറി സി.കെ.രാജേന്ദ്രൻ ചിറ്റൂരിൽ നിന്നുള്ള ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഇ.എൻ.സുരേഷ് ബാബുനേയും നിർദേശിച്ചു. ഇതിനേത്തുടർന്നാണ് തർക്കമുണ്ടായത്. തർക്കം പരിഹരിക്കാൻ പിണറായി വിജയൻ രണ്ട് പേരേയും വിളിച്ചു വരുത്തിയിരുന്നു. അതിനുശേഷം വി.കെ. ചന്ദ്രൻ ഒഴിയുകയാണെന്ന് അറിയിക്കുകയായിരുന്നു.
44 അംഗ ജില്ലാ കമ്മറ്റിയേയും തിരഞ്ഞെടുത്തു. അതിൽ 14 പേർ പുതുമുഖങ്ങളാണ്. കെ.ശാന്തകുമാരി, കെ.ബിനുമോൾ, എസ്.കൃഷ്ണദാസ്, സി.ആർ.സജീവ്, കെ.കൃഷ്ണൻകുട്ടി, ടി.കെ.നൗഷാദ്, കെ.സി.റായാദുദ്ദീൻ, കെ.പ്രേമൻ, ആർ. ശിവപ്രകാശ്, കെ.നന്ദകുമാർ, വി. പൊന്നുക്കുട്ടൻ, പി.പി.സുമോദ്, എ.അനിതാനന്ദൻ, കെ.എൻ.സുകുമാരൻ മാസ്റ്റർ എന്നിവരാണ് പുതുമുഖങ്ങൾ.
Content Highlights:EN Suresh Babu selected as CPM Palakkad district secretary