ന്യൂഡൽഹി: എയർ ട്രാഫിക് കൺട്രോളിന്റെ അനുമതിയില്ലാതെ സ്പൈസ് ജെറ്റ് യാത്രാവിമാനം ഗുജറാത്തിലെ രാജ്കോട്ടിൽ നിന്നും പറന്നുയർന്നതായി റിപ്പോർട്ട്. ഗുജറാത്തിലെ രാജ്കോട്ടിൽ നിന്നും ഡൽഹിയിലേക്കുള്ള വിമാനമാണ് എയർ ട്രാഫിക് കൺട്രോളിൽ നിന്നും നിർബന്ധമായും പാലിക്കേണ്ട നിർദേശം ലഭിക്കുന്നതിന് മുൻപ് തന്നെ പറന്നുയർന്നത്. ഡിസംബർ അവസാനവാരമാണ് സംഭവം.
സംഭവത്തിൽ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) പൈലറ്റുമാർക്കെതിരേ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പൈലറ്റുമാരെ അന്വേഷണവിധേയമായി ഡീ-റോസ്റ്റർ (വിമാനം പറത്തുന്നതിൽ നിന്നും മാറ്റി നിർത്തുക) ചെയ്തിട്ടുണ്ട്.
2021 ഡിസംബർ 30നാണ് സംഭവം നടന്നതെന്ന് രാജ്കോട്ട് വിമാനത്താവള ഡയറക്ടറെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. എടിസി രാജ്കോട്ടിൽ നിന്ന് പൈലറ്റുമാർ നിർബന്ധിതമായി ലഭിച്ചിരിക്കേണ്ട ടേക്ക് ഓഫ് അനുമതി വാങ്ങിയിരുന്നില്ല. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ആസ്ഥാനത്തിനും ഡിജിസിഎയ്ക്കും വിശദമായ റിപ്പോർട്ട് അയച്ചിട്ടുണ്ട്, രാജ്കോട്ട് വിമാനത്താവളത്തിന്റെ ഡയറക്ടർ പറഞ്ഞു.
ടേക്ക് ഓഫ് അനുമതിയില്ലാതെ എങ്ങനെയാണ് വിമാനം പറത്തിയതെന്ന് രാജ്കോട്ട് എടിസി ആശയവിനിമയ സംവിധാനത്തിലൂടെ പൈലറ്റുമാരോട് ചോദിച്ചു. മറുപടിയായി, പൈലറ്റുമാർ ക്ഷമാപണം നടത്തുകയും തെറ്റ് പറ്റിയെന്ന് പറയുകയും ചെയ്തു. വിമാനം ടേക്ക് ഓഫ് ചെയ്തുകൊണ്ടിരിക്കെയാണ് ഈ സംഭാഷണം നടന്നതെന്ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾ (എസ്ഒപി) അനുസരിച്ച്, റൺവേ സുരക്ഷിതമാണെങ്കിലും വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് മുമ്പ് എടിസിയിൽ നിന്ന് നിർബന്ധിത ടേക്ക് ഓഫ് അനുമതി ആവശ്യമാണ്.
Content Highlights:spice jet passenger flight takes off from rajkot without clearance from atc