തിരുവനന്തപുരം > കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകുന്നതുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾക്ക് അധ്യാപകരും പിടിഎയും മുൻകൈ എടുക്കണമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ക്ലാസുകളിൽ ബോധവൽക്കരണ പ്രവർത്തനങ്ങളും രക്ഷിതാക്കളുമായി അധ്യാപകർ ആശയവിനിമയവും നടത്തണമെന്നും മന്ത്രി പറഞ്ഞു.
15 വയസ് മുതൽ 18 വയസ് വരെ പൊതുവിദ്യാഭ്യാസ മേഖലയിലെ 12 ലക്ഷത്തോളം കുട്ടികൾ അടക്കം 15.4 ലക്ഷം കുട്ടികളാണ് സംസ്ഥാനത്ത് വാക്സിൻ എടുക്കാനുള്ളത്. സിബിഎസ്ഇ, ഐസിഎസ്ഇ, ഐടിഐ, പോളിടെക്നിക് വിദ്യാർഥികളും ഇതിൽ ഉൾപ്പെടും. എല്ലാ ദിവസവും വാക്സിൻ എടുത്ത കുട്ടികളുടെ കണക്ക് വിദ്യാഭ്യാസ വകുപ്പ് ശേഖരിക്കും.
സിബിഎസ്ഇ അടക്കമുള്ള മറ്റ് സ്ട്രീമുകളുടെ യോഗം വിദ്യാഭ്യാസ വകുപ്പ് വിളിച്ചു ചേർക്കുന്നുണ്ട്. എല്ലാ കുട്ടികളും വാക്സിൻ എടുത്തു എന്നത് ഉറപ്പ് വരുത്തുമെന്നും മന്ത്രി പറഞ്ഞു.
ജനുവരി 10 വരെ ബുധനാഴ്ച ഒഴികെ എല്ലാ ദിവസവും ജനറല്/ജില്ലാ/താലൂക്ക്/സിഎച്ച്സി എന്നിവിടങ്ങളില് കുട്ടികള്ക്കുള്ള വാക്സിനേഷന് ഉണ്ടായിരിക്കും. കുട്ടികളുടെ വാക്സിനേഷന് കേന്ദ്രങ്ങള് പെട്ടെന്ന് തിരിച്ചറിയാനായി പിങ്ക് നിറത്തിലുള്ള ബോര്ഡ് പ്രദര്ശിപ്പിക്കും.