പി ടി തോമസിന്റെ ഭാര്യ ഉമ തൃക്കാക്കരയിൽ മത്സരിക്കുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് ചിന്തിക്കാനേ സാധിക്കില്ലെന്നും അത്തരമൊരു കാര്യത്തെക്കുറിച്ച് ചിന്തിക്കാനുള്ള സമയമല്ല ഇതെന്നുമായിരുന്നു ഉമ നേരത്തെ പ്രതികരിച്ചത്. എന്നാൽ ഉമയെ മത്സരിപ്പിക്കുന്നത് പി ടി തോമസിന്റെ നിലപാടിന് വിരുദ്ധമാകുമോ എന്നാണ് കോൺഗ്രസിനുള്ളിലെ ആശങ്ക.
എന്നാൽ സ്ഥാനാർത്ഥിത്വത്തിനായി മറ്റ് നേതാക്കൾ ചരടുവലി ആരംഭിച്ചിട്ടുണ്ട്. “പി ടിയുടെ വികസന സ്വപ്നങ്ങൾ പൂർത്തീകരിക്കാൻ വി ടി” എന്ന പേരിലുള്ള പോസ്റ്ററുകൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ കോൺഗ്രസ് അണികൾ പ്രചരിപ്പിച്ച് തുടങ്ങിയിട്ടുണ്ട്. യുവത്വം ആഗ്രഹിക്കുന്നത് പി ടിയെ പോലെ നിലപാടുകളിൽ ആർജ്ജവമുള്ള നേതൃത്വത്തെയാണെന്നാണ് ഐവൈസി സൈബർ വിങ് എന്ന പേരിൽ ഇറക്കിയ പോസ്റ്ററിൽ പറയുന്നത്.
Also Read:
എറണാകുളത്ത് നിന്നുള്ള ഒരു നേതാവിനെ തന്നെയാണ് യുഡിഎഫ് പി ടി തോമസിന്‍റെ പിൻഗാമിയായി പരിഗണിക്കുന്നതെങ്കിൽ ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസിനും മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തറിനുമാകും കൂടുതൽ സാധ്യത. നിലവിൽ നിയമസഭയിൽ കോൺഗ്രസിന് വനിതാ അംഗങ്ങൾ ആരും ഇല്ല. യുഡിഎഫ് പിന്തുണയോടെ വിജയിച്ച കെ കെ രമ മാത്രമാണ് പ്രതിപക്ഷ നിരയിലെ ഏക വനിതാ അംഗം. അതുകൊണ്ട് തന്നെ ആലുവ നഗരസഭ വൈസ് ചെയർപേഴ്സണായ ജെബി മേത്തറിനെ നിയമസഭയിലെത്തിച്ച് ആ കുറവ് നികത്താൻ നേതൃത്വം ശ്രമിച്ചേക്കും.