തിരുവനന്തപുരം > പുതുവത്സരാഘോഷത്തിന് സംസ്ഥാനത്ത് വെള്ളിയാഴ്ച ബിവറേജസ് കോർപറേഷൻ ഔട്ട്ലെറ്റുകൾവഴി വിറ്റത് 82.26 കോടി രൂപയുടെ മദ്യം. 2020 ഡിസംബർ 31ന് വരുമാനം 70.55 കോടിയായിരുന്നു. ഇത്തവണയും വിറ്റുവരവിൽ മുന്നിൽ തിരുവനന്തപുരം പവർ ഹൗസ് റോഡ് ഔട്ട്ലെറ്റാണ്. 1.06 കോടി രൂപ. കൊച്ചി പാലാരിവട്ടത്ത് 81 ലക്ഷവും കടവന്ത്രയിൽ 77.33 ലക്ഷവുമാണ് വരുമാനം.
ക്രിസ്മസ് തലേന്ന് ബിവറേജസ് കോർപറേഷന്റെ വിറ്റുവരവ് 65.88 കോടിയായിരുന്നു. കഴിഞ്ഞ വർഷം 55 കോടിയും. തിരുവനന്തപുരം പവർ ഹൗസ് ഔട്ട്ലെറ്റിൽ 73 ലക്ഷം രൂപ വരവുണ്ടായി. സംസ്ഥാനത്താകെ 73 കോടി രൂപയുടെ മദ്യം വിറ്റു. കൺസ്യൂമർഫെഡ് ഔട്ട്ലെറ്റുകളിലെതും ചേർത്താണിത്.
ക്രിസ്മസ് ദിനത്തിൽ ബെവ്കോ ഔട്ട്ലെറ്റുവഴി 65 കോടിയുടെയും കൺസ്യൂമർ ഫെഡ് ഔട്ട്ലെറ്റുവഴി എട്ടു കോടിയുടെയും മദ്യം വിറ്റു. ഏറ്റവും കൂടുതൽ മദ്യം വിറ്റത് തിരുവനന്തപുരം പവർ ഹൗസ് ഔട്ട്ലെറ്റിലായിരുന്നു–- 73.54 ലക്ഷം.ചാലക്കുടി 70.70 ലക്ഷം വരവുമായി രണ്ടാമതും. 60 ലക്ഷത്തിന്റെ വിൽപ്പനയിലൂടെ ഇരിഞ്ഞാലക്കുട മൂന്നാമതുമായി. ക്രിസ്മസ് തലേന്ന് കൺസ്യൂമർഫെഡുവഴി 11.5 കോടി രൂപയുടെ മദ്യം ചെലവായി. ഇതുകൂടിയാകുമ്പോൾ ക്രിസ്മസിന് വിൽപ്പന 150.38 കോടിയാണ്.