തിരുവനന്തപുരം > ദേശീയപാതകളടക്കം വീതികൂട്ടുന്നതിനോട് കെ–- റെയിൽ എതിരാണെന്ന് വിശദ പദ്ധതിരേഖയുടെ പേരു പറഞ്ഞ് നുണപ്രചാരണം. റോഡുകൾ വീതികൂട്ടിയാൽ സിൽവർ ലൈനിൽ ആളുകൾ കുറയുമെന്നും അതുകൊണ്ട് കൂടുതൽ ടോൾ ഏർപ്പെടുത്തി റോഡ് യാത്രക്കാരെ ബുദ്ധിമുട്ടിക്കണമെന്ന് പദ്ധതിരേഖ നിർദേശിക്കുന്നുവെന്നുവരെയാണ് തള്ള്.
വിശദ പദ്ധതിരേഖ (ഡിപിആർ) പുറത്തുവിടണമെന്ന മുറവിളിയായിരുന്നു ഇതുവരെ. ഡിപിആർ പരിശോധിച്ച് പോരായ്മ ‘കണ്ടെത്തി’ പ്രശ്നമുണ്ടാക്കാനായിരുന്നു ലക്ഷ്യം. ചില മാധ്യമങ്ങൾ ഡിപിആർ പുറത്തുവിട്ടതോടെ റെയിൽ അധികൃതർ പറഞ്ഞതിൽ കൂടുതലൊന്നും ലഭിച്ചില്ല. തുടർന്നാണ് പദ്ധതിരേഖ ദുർവ്യാഖ്യാനം ചെയ്യാൻ തുടങ്ങിയത്.
റോഡ്, വിമാനം, ട്രെയിൻ സർവീസുകളുമായി ബന്ധപ്പെട്ട് യാത്രക്കാരോടും വിവിധ ഏജൻസികളോടും വിവരങ്ങളെടുത്ത് സർവേ നടത്തിയാണ് കെ –- റെയിൽ പദ്ധതിരേഖ തയ്യാറാക്കിയത്. ഏതെല്ലാം യാത്രക്കാർ സിൽവർ ലൈനിലേക്ക് വരും, പുതിയപാത ഏതെല്ലാം മേഖലകളെ ബാധിക്കും എന്നിവയും പഠനവിധേയമാക്കി. 50 വർഷം മുന്നിൽ കണ്ടുള്ള വിശകലനമാണ് നടത്തിയത്.
റോഡും റെയിലും തമ്മിലുള്ള വ്യത്യാസം പഠനവിധേയമാക്കിയിട്ടുണ്ടെന്ന് കെ –- റെയിൽ പദ്ധതി ആസൂത്രണവിഭാഗം ഡയറക്ടർ പി ജയകുമാർ പറഞ്ഞു. റോഡ് വീതികൂട്ടിയാലും അഞ്ചുവർഷംകൊണ്ട് വാഹനസാന്ദ്രത വർധിച്ച് പഴയരീതിയിൽ എത്തും. റെയിൽ സംവിധാനത്തിന് ആ പ്രശ്നം വരുന്നില്ല. അതുകൊണ്ട് കുരുക്കിന്റെ പ്രശ്നമില്ല. ഇക്കാര്യങ്ങൾ വിശദമാക്കാറുമുണ്ട്. റോഡ് വീതികൂട്ടുന്നതിനെതിരെ പറയേണ്ട കാര്യം കെ–- റെയിലിനില്ല. ഏറ്റവും വികസിത ഗതാഗത സംവിധാനമുള്ളിടത്തും വലിയ ശേഷി കൈവരിക്കുക റെയിൽവേ ആയിരിക്കും. ആ സംവിധാനത്തെ പരിപോഷിപ്പിക്കുന്നത് റോഡുകളാണ്. അവ വീതി കൂട്ടണമെന്ന നിർദേശമാണ് വച്ചിട്ടുള്ളത് – -ജയകുമാർ പറഞ്ഞു.