തിലക് മെെതാൻ > അവസാന ഏഴുകളിയിൽ തോൽവിയറിയാതെ കുതിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് എഫ്സി ഗോവയ്ക്കെതിരെ. ഐഎസ്എൽ പോയിന്റ് പട്ടികയിൽ ഒന്നാംസ്ഥാനം ലക്ഷ്യമിട്ടാണ് ബ്ലാസ്റ്റേഴ്സിന്റെ ഒരുക്കം. പുതുവർഷത്തിൽ ഗംഭീരജയംതന്നെയാണ് ലക്ഷ്യം.
എട്ടുകളിയിൽ 13 പോയിന്റാണ് ബ്ലാസ്റ്റേഴ്സിന്. ഒന്നാമതുള്ള മുംബെെ സിറ്റിക്ക് 16ഉം. നിലവിൽ അഞ്ചാമതാണ് ബ്ലാസ്റ്റേഴ്സ്. മധ്യനിരയിലും മുന്നേറ്റത്തിലും തകർപ്പൻ പ്രകടനമാണ് ഇവാൻ വുകോമനോവിച്ചിന്റേത്. മധ്യനിരയിൽ ജീക്സൺ സിങ്–പുയ്ട്ടിയ സഖ്യം സ്ഥിരതയുള്ള പ്രകടനമാണ് പുറത്തെടുക്കുന്നത്. ആക്രമണത്തിലും പ്രതിരോധത്തിലും ഇവർ ഒരുപോലെ ശോഭിക്കുന്നു.
സഹൽ അബ്ദുൾ സമദിന്റെ പ്രകടനമാണ് ബ്ലാസ്റ്റേഴ്സിന്റെ ഊർജം. ഒപ്പം അൽവാരോ വാസ്കസും ജോർജ് ഡയസും ചേരുമ്പോൾ മുന്നേറ്റത്തിന് മൂർച്ച കൂടും. കളി മെനയാൻ അഡ്രിയാൻ ലൂണയുമുണ്ട്. അവസാന കളിയിൽ ജംഷഡ്പുർ എഫ്സിയുമായി സമനിലയിൽ പിരിയുകയായിരുന്നു. സഹലിന്റെ ഗോളിലാണ് സമനില നേടിയത്.
ഗോവയ്ക്ക് ഇക്കുറി തിരിച്ചടിയാണ്. എട്ട് കളിയിൽ ജയിച്ചത് രണ്ടിൽമാത്രം. നാല് തോൽവി. 16 ഗോൾ വഴങ്ങി.
പോയിന്റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ്. അവസാന മൂന്നുകളിയും തോറ്റു. ജോർജ് ഓർടിസാണ് പ്രധാനതാരം. പരിക്കുമാറിയ എഡു ബെദിയ പരിശീലനത്തിന് ഇറങ്ങിയിട്ടുണ്ട്.