മുംബെെ > ക്യാപ്റ്റൻസി വിവാദത്തിൽ വിരാട് കോഹ്-ലിയെ തള്ളി ഇന്ത്യൻ ടീം മുഖ്യ സെലക്ടർ ചേതൻ ശർമ. ട്വന്റി–20 ക്യാപ്റ്റൻസ്ഥാനം ഒഴിയാതിരിക്കാൻ എല്ലാവരും കോഹ്ലിയെ നിർബന്ധിച്ചിരുന്നതായി ചേതൻ ശർമ പറഞ്ഞു. എന്നാൽ, കോഹ്-ലി ഇത് നിരാകരിക്കുകയായിരുന്നുവെന്നും ചേതൻ വ്യക്തമാക്കി. ഏകദിന നായകസ്ഥാനത്തുനിന്ന് ഒഴിവാക്കിയതാണെന്നും സെലക്ടർ പറഞ്ഞു.
കോഹ്-ലിയെ മാറ്റി രോഹിത് ശർമയെ ഏകദിന ക്യാപ്റ്റനാക്കിയതോടെയാണ് വിവാദങ്ങളുടെ തുടക്കം. കോഹ്-ലിയോട് ട്വന്റി–20 ക്യാപ്റ്റനായി തുടരണമെന്ന് ആവശ്യപ്പെട്ടിരുന്നതായി ബിസിസിഐ തലവൻ സൗരവ് ഗാംഗുലി വെളിപ്പെടുത്തി. ട്വന്റി–20ക്കും ഏകദിനത്തിനും ഒരു ക്യാപ്റ്റൻ മതിയെന്ന തീരുമാനപ്രകാരമാണ് രോഹിതിനെ നിയമിച്ചതെന്നും ഗാംഗുലി പറഞ്ഞു. എന്നാൽ, ക്യാപ്റ്റൻസ്ഥാനമൊഴിയുമെന്ന് അറിയിച്ചപ്പോൾ ബിസിസിഐ എതിർപ്പ് പറഞ്ഞില്ലെന്നായിരുന്നു കോഹ്-ലിയുടെ പ്രതികരണം.
ട്വന്റി –20 ലോകകപ്പിനുശേഷമാണ് കോഹ്-ലി സ്ഥാനമൊഴിഞ്ഞത്. ‘കോഹ്-ലിയുടെ തീരുമാനം ഞെട്ടിപ്പിക്കുന്നതായിരുന്നു. ലോകകപ്പ് അടുത്തുനിൽക്കെ ഇത്തരമൊരു തീരുമാനം അമ്പരിപ്പിച്ചു. സെലക്ടർമാർ തീരുമാനം പുനഃപരിശോധിക്കാൻ ആവശ്യപ്പെട്ടു. ലോകകപ്പിനുശേഷം തീരുമാനിക്കാമെന്നും പറഞ്ഞു. ഈ തീരുമാനം ലോകകപ്പിലെ പ്രകടനത്തെ ബാധിക്കുമെന്നും അറിയിച്ചു. ഇന്ത്യൻ ടീമിന്റെ നല്ലതിനുവേണ്ടി ക്യാപ്റ്റനായി തുടരണമെന്നും ആവശ്യപ്പെട്ടു. പക്ഷേ, കോഹ്-ലിക്ക് തുടരാൻ താൽപര്യമുണ്ടായില്ല. ആ തീരുമാനത്തെ ഞങ്ങൾ ബഹുമാനിക്കുന്നു. ഏകദിനത്തിലും ട്വന്റി–-20ക്കും വ്യത്യസ്ത ക്യാപ്റ്റൻമാർ ആവശ്യമില്ലാത്തതിനാൽ രോഹിതിനെ നിയമിക്കുകയായിരുന്നു– ചേതൻ ശർമ വ്യക്തമാക്കി.