ടെല്‍ അവീവ് > ആഗോള തലത്തില്‍ ഒമിക്രോൺ ഭീതി ശക്തമായിത്തുടരുന്നതിനിടെ ഇസ്രയേലില്‍ ആദ്യമായി ഫ്ലൊറോണ എന്ന രോഗം റിപ്പോര്‍ട്ട് ചെയ്തു. കൊറോണയും ഇൻഫ്ലുവൻസയും ഒരുമിച്ചുവരുന്ന ഇരട്ട അണുബാധയാണ് ഫ്ലൊറോണ.
പ്രസവത്തിനായി ആശുപത്രിയിൽ എത്തിയ 30 വയസ്സുള്ള ഗർഭിണിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ ഇതുവരെ കോവിഡ് വാക്സിന് എടുത്തിട്ടില്ലെന്നാണ് വിവരം. രോഗം ഭേദമായ യുവതി ആശുപത്രി വിട്ടെന്ന് അറബ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ഫ്ലൊറോണ സംബന്ധിച്ച് കൂടുതല്‍ പഠനം നടത്തുകയാണെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ അറിയിച്ചു. ഫ്ലൊറോണ കോവിഡിന്റെ പുതിയ വകഭേദമല്ല. രോഗത്തിന്റെ ലക്ഷണങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ലഭ്യമല്ല.
അതിനിടെ, ഇസ്രയേല്‍ കോവിഡിനെതിരായ വാക്സിന്റെ നാലാം ഡോസ് ജനങ്ങൾക്ക് നൽകിത്തുടങ്ങി. പ്രതിരോധശേഷി കുറഞ്ഞവർക്കും മുന്നണിപ്പോരാളികള്‍ക്കുമാണ് ആദ്യഘട്ടത്തില്‍ നാലാം ഡോസ് നല്‍കുകയെന്ന് ആരോഗ്യ മന്ത്രാലയ ഡയറക്ടർ ജനറൽ നാച്ച്മാൻ ആഷ് അറിയിച്ചു. ആഗസ്തിൽ ബൂസ്റ്റർ ഷോട്ട് എടുത്ത 150 ആരോഗ്യപ്രവർത്തകർക്ക് നാലാം ഡോസ് നൽകി.