കൊച്ചി > ഇ ഫയലിങ് അടക്കം കടലാസ് രഹിത സ്മാർട്ട് കോടതി മുറികൾ രാജ്യത്ത് ആദ്യം സാധ്യമാക്കിയതിന്റെ നേട്ടത്തിൽ സംസ്ഥാനം. ആദ്യഘട്ടമായി ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസിന്റേതടക്കം ആറ് കോടതികളും കോലഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി, തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി എന്നിവയും കടലാസ് രഹിത കോടതികളായി മാറി. ഉദ്ഘാടനത്തിന് ഹൈക്കോടതി ഓഡിറ്റോറിയം വേദിയായി.
ഹൈക്കോടതിയിലെയും സംസ്ഥാനത്തെ കോടതികളുടെയും ഇ ഫയലിങ് സംവിധാനം സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. കടലാസ് രഹിത കോടതികൾ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ഇ ഓഫീസ് ഹൈകോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാർ ഉദ്ഘാടനം ചെയ്തു.
കടലാസ് രഹിതമാകുന്നതിലൂടെ കോടതി വ്യവഹാരങ്ങൾ എളുപ്പമാക്കുന്നതിനും വേഗത്തിൽ നിയമ നടപടികൾ പൂർത്തീകരിക്കാനും സാധിക്കുമെന്ന് സുപ്രീംകോടതിയിലെ ഇ കമ്മിറ്റി അധ്യക്ഷൻ കൂടിയായ ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. കോടതി വ്യവഹാരങ്ങൾക്ക് മാത്രമല്ല, അഭിഭാഷകർ, കോടതി ജീവനക്കാർ തുടങ്ങി മേഖലയിലെ എല്ലാ ഉപയോക്താക്കൾക്കും ഇ ഫയലിങ് ഗുണകരമാകും. വിദ്യാഭ്യാസത്തിലും സാക്ഷരതയിലും മുന്നിട്ട് നിൽക്കുന്ന കേരളത്തിൽ എല്ലാവരിലേക്കും പദ്ധതിയുടെ ഗുണഫലം വേഗത്തിൽ എത്തിക്കാൻ കഴിയും.
ഇ സേവനങ്ങൾ കോടതികളിലെത്തുന്നതിലൂടെ ജനങ്ങളിലേക്ക് എളുപ്പത്തിൽ നീതി എത്തിക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിലൂടെ ജനങ്ങളുടെ വിരൽതുമ്പിൽ സേവനങ്ങളെത്തിക്കുകയാണ് ലക്ഷ്യം. കൂടുതൽ കോടതികൾ കടലാസ് രഹിതമാക്കാൻ നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നിർമിത ബുദ്ധിയുടെ സാധ്യതകൾ കൂടി പ്രയോജനപ്പെടുത്തിയാണ് ഇ ഫയലിങ് നടപ്പാക്കുന്നതെന്നത് അഭിനന്ദനാർഹമാണെന്ന് നിയമ മന്ത്രി പി രാജീവ് പറഞ്ഞു.
ഹൈക്കോടതി ജഡ്ജിമാരായ വി രാജാ വിജയരാഘവൻ, കെ വിനോദ് ചന്ദ്രൻ, എസ് വി ഭാട്ടി, അലക്സാണ്ടർ തോമസ്, എ മുഹമ്മദ് മുസ്താക്, അഡ്വക്കേറ്റ് ജനറൽ കെ ഗോപാലകൃഷ്ണ കുറുപ്പ്, ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി എ ഷാജി, അസിസ്റ്റന്റ് സോളിസിറ്റ് ജനറൽ എസ് മനു, ബാർകൗൺസിൽ ചെയർമാൻ ജോസഫ് ജോൺ തുടങ്ങിയവർ സംസാരിച്ചു.