ആലപ്പുഴ > ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാല് എസ്ഡിപിഐ പ്രവർത്തകർ കൂടി അറസ്റ്റിൽ. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത രണ്ട് പ്രതികളെയും ഗൂഡാലോചനയിൽ പങ്കെടുത്ത ഒരാളെയും സിം കാർഡ് നൽകിയ ഒരാളെയുമാണ് ശനിയാഴ്ച അറസ്റ്റ് ചെയ്തത്.
ഗൂഢാലോചനയിൽ പങ്കാളിയായ ആലപ്പുഴ വലിയമരം വാർഡ് പുന്നക്കൽ പുരയിടം സെയ്ഫുദ്ദീൻ (48), പ്രതികൾക്ക് വ്യാജസിം കാർഡ് തരപ്പെടുത്തിയ പുന്നപ്ര കളിതട്ടിനു സമീപം ബി ആൻഡ് ബി മൊബൈൽ കട നടത്തുന്ന പുന്നപ്ര സൗത്ത് വലിയപറമ്പ് മുഹമ്മദ് ബാദുഷ (27) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തിനുശേഷം മറ്റ് ജില്ലയിൽ ഒളിവിൽകഴിഞ്ഞ ആലപ്പുഴ സ്വദേശികളായ രണ്ടുപേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ ഇവരുടെ പേരുവിവരങ്ങൾ പൊലീസ് പുറത്തുവിട്ടില്ല. പിടികൂടിയ പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും നിർണ്ണായകമായ വിവരങ്ങളും ലഭിച്ചതായി പൊലീസ് അറിയിച്ചു.
കൊലയാളികൾക്ക് വ്യാജരേഖ ചമച്ച് സിം കാർഡുകൾ തരപ്പെടുത്തിയതിനാണ് ബാദുഷയെ അറസ്റ്റ് ചെയ്തത്. കടയിൽ സിം എടുക്കാൻ വന്നായാലുടെ ആധാർ കാർഡും ഫോട്ടോയും ഉപയോഗിച്ച് അവരറിയാതെ രണ്ട്സിം കാർഡുകൾ എടുക്കുകയും ഒരു സിം കാർഡ് ആലപ്പുഴ രഞ്ജിത്ത് വധക്കേസുമായി സംശയിക്കുന്ന പ്രതികൾക്ക് നൽകിയതുമായി ബന്ധപ്പെട്ട് പുന്നപ്ര പൊലീസ് ഇയാൾക്കെതിരെ വ്യാജരേഖ ചമച്ച് വിശ്വാസ വഞ്ചന നടത്തിയതിന് കേസെടുത്തിട്ടുണ്ട്. ഇത്തരത്തിൽ കൂടുതൽ സിം കാർഡുകൾ തരപ്പെടുത്തിയിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിക്കും.