ന്യൂഡൽഹി > രാജ്യത്തെ പ്രതിദിന കോവിഡ്‐ഒമിക്രോൺ കേസുകളിൽ വർധയുണ്ടായതോടെ സംസ്ഥാനങ്ങൾക്ക് നിർദേശങ്ങളുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. താല്‍ക്കാലിക ആശുപത്രികള്‍ ഒരുക്കുക, ഹോം ഐസലേഷന്‍ നിരീക്ഷിക്കാന്‍ പ്രത്യേകസംഘത്തെ നിയോഗിക്കുക, ഓക്സിജൻ ലഭ്യത പരിശോധിക്കുക, ചെറിയ രോഗലക്ഷണമുള്ളവരെ പാര്‍പ്പിക്കാന്‍ ഹോട്ടല്‍ മുറികളടക്കം മാറ്റിവയ്ക്കുക തുടങ്ങിയ നിർദേശങ്ങളാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്കയച്ച കത്തിലുള്ളത്.
പ്രതിദിന കോവിഡ് കേസുകൾ ഒരു ഇടവേളയ്ക്ക് ശേഷം 20,000 കടന്നതിന്റെയും ഒമിക്രോണ്‍ കേസുകള്‍ 1500ന് അടുത്തായതിന്റെയും പശ്ചാത്തലത്തിലാണ് കേന്ദ്രം സംസ്ഥാനങ്ങൾക്ക് കത്തയച്ചത്. കോവിഡ് കേസുകളിൽ കഴിഞ്ഞ ദിവസത്തേക്കാള്‍ 35 ശതമാനത്തിന്റെ വർധനയുണ്ട്. 22,775 പുതിയ രോഗികളും 406 മരണങ്ങളുമാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്.
ഗ്രാമീണമേഖലയ്ക്കും കുട്ടികള്‍ക്കും പ്രത്യേക ശ്രദ്ധ നല്‍കണം. ഓക്സിജന്‍, വെന്റിലേറ്റര്‍ തുടങ്ങിയവ കൃത്യമായി ഉറപ്പാക്കണം. ദ്രുതപരിശോധനാ ബൂത്തുകള്‍ ഒരുക്കണം. പനി, തലവേദന, തൊണ്ടവേദന, ശ്വാസതടസം, ശരീരവേദന, രുചിയും മണവും നഷ്ടമാകല്‍, ക്ഷീണം, വയറിളക്കം എന്നിവ രോഗലക്ഷണങ്ങളായി കണക്കാക്കി കോവിഡ് പരിശോധന നടത്തണമെന്നും ആരോഗ്യമന്ത്രാലയം നിർദേശിച്ചു.