കടയ്ക്കൽ: കൊല്ലം കടയ്ക്കലിൽ യുവതിയെ ഭർത്താവ് വെട്ടിക്കൊന്നു. കോട്ടപ്പുറം ലതാമന്ദിരത്തിൽ ജിൻസിയാണ് കൊല്ലപ്പെട്ടത്. ജിൻസിയുടെ ഭർത്താവ് ദീപുവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഏഴുവയസ്സുകാരൻ മകന്റെ മുന്നിൽവെച്ചാണ് സംഭവം നടന്നത്.
ശനിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെ ആയിരുന്നു സംഭവം. കുടുംബപ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ ഒരുമാസമായി ജിൻസിയും ദീപുവും പിരിഞ്ഞു താമസിക്കുകയായിരുന്നു. ജിൻസി ജിൻസിയുടെ വീട്ടിലും ദീപു സ്വന്തം വീട്ടിലുമായിരുന്നു താമസം. വൈകിട്ടോടെ ജിൻസിയുടെ വീട്ടിലെത്തിയ ദീപു, വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ജിൻസിയുടെ തലയ്ക്കാണ് വെട്ടേറ്റത്.
ആക്രമണം തടയാൻ ശ്രമിച്ച മകനെയും ദീപു ആക്രമിച്ചു. തുടർന്ന് കുട്ടി ഓടിരക്ഷപ്പെട്ട് അൽപം ദൂരെയുള്ള കടയിലെത്തി നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. അപ്പോഴേക്കും 25-ൽ അധികം വെട്ടുകൾ ജിൻസിക്ക് ഏറ്റിരുന്നു. ജിൻസിയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കുറച്ച് ഉൾപ്രദേശത്താണ് ജിൻസിയുടെ വീട്. അതുകൊണ്ടു തന്നെ ഇവരെ ആശുപത്രിയിൽ എത്തിക്കാൻ വൈകുകയും ചെയ്തിരുന്നു.
ആക്രമണത്തിന് ശേഷം ബൈക്കിൽ രക്ഷപ്പെട്ട ദീപു, പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. പാരിപ്പള്ളിയിലെ ഒരു സ്വകാര്യ കശുവണ്ടി ഫാക്ടറിയിലെ സൂപ്പർ വൈസറായിരുന്നു ജിൻസി. ഇരുവരും തമ്മിൽ കുടുംബപ്രശ്നങ്ങളുണ്ടായിരുന്നു. ഇതാവാം ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്. രണ്ടു കുട്ടികളാണ് ജിൻസി-ദീപു ദമ്പതിമാർക്ക്. ഒരു കുട്ടി ജിൻസിക്കൊപ്പവും മറ്റേ കുട്ടി ദീപുവിന്റെ വീട്ടിലുമായിരുന്നു കഴിഞ്ഞിരുന്നത്.
content highlights:man hacked wife in kollam