പാലക്കാട്: പാലക്കാട്ട് പാർട്ടിയിലുണ്ടാകുന്ന വിഭാഗീയതയിൽ മുന്നറിയിപ്പ് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. ചില നേതാക്കൾ തുരുത്തുകൾ സൃഷ്ടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അത്തരം തുരുത്തുകൾക്ക് കൈകാലുകൾ മുളക്കുന്നത് കാണുന്നുവെന്നും പാലക്കാട് ജില്ലാ സമ്മേളനത്തിൽ പിണറായി പറഞ്ഞു. സംഘടനാ റിപ്പോർട്ടിനുള്ള മറുപടി പ്രസംഗത്തിലാണ് അദ്ദേഹം അക്കാര്യം പറഞ്ഞത്.
സംസ്ഥാനത്ത് ഏറ്റവുമധികം പ്രാദേശിക വിഭാഗീയത നിലനിന്ന സമ്മേളനങ്ങളായിരുന്നു പാലക്കാട് ജില്ലയിലേത്. 15 ഏരിയാ കമ്മറ്റികളിൽ ഒൻപത് ഇടത്ത് മത്സരം നടന്നു. ഇതെല്ലാം തന്നെ സംസ്ഥാന നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. മാത്രമല്ല രണ്ട് ലോക്കൽ സമ്മേളനങ്ങൾ വിഭാഗീയതയും പ്രശ്നങ്ങളും മൂലം നിർത്തിവെയ്ക്കേണ്ടി വന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന പൊതു ചർച്ചയിലും വിഭാഗീയതയുമായി ബന്ധപ്പെട്ട പരാമർശങ്ങൾ നടന്നു. അതുകൊണ്ടാണ് സംഘടനാ റിപ്പോർട്ടിനുള്ള മറുപടിയിന്മേൽ പിണറായി വിജയൻ പാർട്ടി പ്രവർത്തകർക്കും സമ്മേളന പ്രതിനധികൾക്കും ശക്തമായ മുന്നറിപ്പ് നൽകിയത്.
ചില നേതാക്കൾ തുരുത്തുകൾ സൃഷ്ടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അത്തരം തുരുത്തുകൾക്ക് കൈകാലുകൾ മുളക്കുന്നു. അത് താഴേത്തട്ടിലേക്ക് വിഭാഗീയത ആണ്ട് പോകുന്നു. സംസ്ഥാന തലത്തിൽ വിഭാഗീയത പൂർണമായും ഒഴിവാക്കാൻ കഴിഞ്ഞു. പക്ഷേ പാലക്കാട് ഇത് തുടരുകയാണ്. ഇത് ഇനിയും ആവർത്തിച്ചാൽ പാർട്ടി ഇടപെടും. സ്വയം വിമർശനം നടത്തി പ്രവർത്തകർ പിന്തിരിഞ്ഞില്ലെങ്കിൽ ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം നൽകി.
നേരത്തെ, ജില്ലാ സമ്മേളനത്തിൽ പോലീസിനും മുൻ എംഎൽഎയും കെ.ടി.ഡി.സി ചെയർമാനുമായ പി.കെ.ശശിക്കുമെതിരേപ്രതിനിധികൾ രൂക്ഷ വിമർശനം ഉയർത്തിയിരുന്നു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു പ്രതിനിധികൾ വിമർശനമുയർത്തിയത്. സർക്കാരിന് നാണക്കേടുണ്ടാക്കുന്ന രീതിയിലാണ് പോലീസ് പ്രവർത്തിക്കുന്നതെന്ന് പ്രതിനിധികൾ ചർച്ചയിൽ പറഞ്ഞിരുന്നു.
ജില്ല നേതൃത്വത്തിനെതിരെയും സംസ്ഥാന കമ്മറ്റി അംഗങ്ങൾക്കെതിരെയും വിമർശനമുണ്ടായി. ജില്ലാ നേതൃത്വം ഒന്നിനും കൊള്ളാത്തവരായി മാറിയതിനാലാണ് ജില്ലയിൽ പ്രാദേശിക ഘടകങ്ങളിൽ വിഭാഗീയത രൂക്ഷമായതെന്ന് പ്രതിനിധികൾ കുറ്റപ്പെടുത്തി. പല സ്ഥലങ്ങളിലും പ്രശ്നങ്ങൾ രൂക്ഷമായത് ജില്ല സെക്രട്ടറിയുടെ പിടിപ്പ് കേട് കാരണമാണ്. പുതുശ്ശേരി പട്ടാമ്പി ഏരിയയിൽ നിന്നുള്ള പ്രതിനിധികളാണ് വിമർശനമുയർത്തിയത്.
Content Highlights:Pinarayi Vijayan on CPM Palakkad conference