തിരുവല്ല > സിപിഐ എം പെരിങ്ങര ലോക്കൽ സെക്രട്ടറി പി ബി സന്ദീപ്കുമാറിനെ കുത്തിക്കൊന്ന കേസിൽ സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടറായി അഡ്വ. സുരേഷ് ബാബു തോമസിനെ നിയമിച്ചു. ഡിസംബർ രണ്ടിന് രാത്രി എട്ടോടെയാണ് ചാത്തങ്കരിയിൽ ആർഎസ്എസ് പ്രവർത്തകരായ അഞ്ചംഗസംഘം സന്ദീപിനെ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്. പ്രതികളെ തൊട്ടടുത്ത ദിവസം നേരം പുലരുംമുമ്പ് പിടികൂടി.
പ്രതികളെ ഒളിവിൽ കഴിയാനും ആയുധങ്ങൾ ഒളിപ്പിക്കാനും സഹായിച്ചതിന് ഒരാളെ കൂടി അറസ്റ്റ് ചെയ്തിരുന്നു. ആറ് പ്രതികളും റിമാൻഡിലാണ്. പുളിക്കീഴ് പൊലീസ് ചാർജ് ചെയ്ത കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ തിരുവല്ല ഡിവൈഎസ്പി രാജപ്പൻ റാവുത്തർ പറഞ്ഞു.