രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിലെ പ്രതികളെ പിടികൂടാൻ വൈകുന്നുവെന്ന് ആരോപിച്ചാണ് എം ടി രമേശ് പ്രതികരണം നടത്തിയത്. പോലീസിൽ പോപ്പുലർ ഫ്രണ്ടിൻ്റെ ഒറ്റുകാരുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ‘ പ്രവർത്തകരെ തൊടാൻ ഭയമാണെങ്കിൽ, അറസ്റ്റ് ചെയ്യാൻ ഭയമാണെങ്കിൽ… പോലീസ് പറഞ്ഞാൽ മതി. ആ പണി ഞങ്ങൾ വൃത്തിയായി ചെയ്തു തരാം. പക്ഷെ, അത്യാവശ്യം കേടുപാടുകൾ ശരീരത്തിലുണ്ടാകും. അത് നിങ്ങൾ ഏറ്റെടുക്കണം” – എന്നും ബിജെപി നേതാവ് പറഞ്ഞു.
പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ ആക്രമണം പ്രതീക്ഷിച്ചാണ് ബിജെപി പ്രവർത്തകർ ഏത് നിമിഷവും പാർട്ടിയിൽ പ്രവർത്തിക്കുന്നതെന്നും എം ടി രമേശ് പറഞ്ഞു. ബിജെപി നേതാവിൻ്റെ കൊലപാതകത്തിൽ പങ്കാളികളായവരെ പിടിക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ച് ആലപ്പുഴ എസ്പി ഓഫീസിലേക്ക് ബിജെപി നടത്തിയ പ്രതിഷേധ മാർച്ചിലാണ് എം ടി രമേശിൻ്റെ പ്രകോപനപരമായ പ്രസംഗം.
രഞ്ജിത്ത് ശ്രീനിവാസൻ കൊലപാതക കേസിൻ്റെ അന്വേഷണം കേന്ദ്ര ഏജൻസിയെ ഏൽപ്പിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു. അതേസമയം, രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിൽ രണ്ട് മുഖ്യപ്രതികൾ കൂടി പിടിയിലായി. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ആലപ്പുഴ സ്വദേശികളാണ് പിടിയിലായത്. പെരുമ്പാവൂരില്‍ നിന്ന് ഇന്നലെ രാത്രിയാണ് ഇരുവരെയും പിടികൂടിയത്.
പ്രതികൾ മറ്റുസംസ്ഥാനങ്ങളിലേക്ക് കടന്നെന്ന നിഗമനത്തെതുടർന്ന് അന്വേഷണം കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചിരുന്നു. ഇതിനിടെയാണ് രണ്ട് പേർ പെരുമ്പാവൂരിൽ നിന്ന് പിടിയിലായത്. 12 അംഗ സംഘമായിരുന്നു രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയത്. കേസിൽ രണ്ട് മുഖ്യപ്രതികൾ നേരത്തെ പിടിയിലായിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് പേർ കൂടി പിടിയിലായത്.