തിരുവനന്തപുരം > ഡച്ച് പൗരൻ സ്റ്റീവൻ ആസ്ബർഗ് മന്ത്രി വി ശിവൻകുട്ടിയെ സന്ദർശിച്ചു. പുതുവത്സരത്തലേന്ന് സ്റ്റീവിനെ കൊണ്ട് പൊലീസ് മദ്യം ഒഴുക്കി കളയിച്ച സംഭവത്തിൽ സർക്കാർ നടപടികൾ ശക്തമാക്കിയതിന് പിന്നാലെയാണ് സന്ദർശനം. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ഔദ്യോഗിക വസതിയിലെത്തിയാണ് സ്റ്റീവൻ മന്ത്രിയെ കണ്ടത്. രാവിലെ മന്ത്രി സ്റ്റീവനോട് ഫോണിൽ സംസാരിച്ച് കോവളം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ഷാജിയെ സസ്പെൻഡ് ചെയ്തതടക്കമുള്ള സർക്കാർ നടപടികൾ അറിയിച്ചിരുന്നു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് വെള്ളാറിലുള്ള ബിവറേജ് ഔട്ട്ലെറ്റില്നിന്ന് മൂന്നു കുപ്പി വിദേശമദ്യം വാങ്ങി മടങ്ങിയ സ്റ്റീഫന് ആസ്ബെര്ഗിനെ ബിൽ ചോദിച്ച് പൊലീസ് വഴിയിൽ തടയുകയായിരുന്നു. പരിശോധനയ്ക്കിടെ ഇയാളുടെ കൈവശമുണ്ടായിരുന്ന മൂന്നു മദ്യക്കുപ്പികളില് രണ്ടെണ്ണത്തിലെ മദ്യം ഒഴുക്കിക്കളഞ്ഞിരുന്നു.
സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പൊലീസിനോട് റിപ്പോർട്ട് തേടി. പിന്നാലെ ഡിജിപി അനില്കാന്തിന്റെ നിര്ദേശത്തെ തുടർന്നാണ് ഗ്രേഡ് എസ്ഐയെ സസ്പെൻഡ് ചെയ്തത്. സ്റ്റേഷൻ ഹൗസ് ഓഫിസർക്കു വീഴ്ച പറ്റിയിട്ടുണ്ടോ എന്നും പരിശോധിക്കും. പൊലീസ് നടപടിയെ മന്ത്രി പി എ മുഹമ്മദ് റിയാസും വിമർശിച്ചിരുന്നു.