കൊച്ചി> കാലടി സംസ്കൃത സർവ്വകലാശാല മൂന്ന് പേർക്ക് ഡിലിറ്റ് നൽകാനുള്ള തീരുമാനം കഴിഞ്ഞ ഒക്ടോബറിൽ പുറത്തിറക്കിയിട്ടും ലിസ്റ്റ് എവിടെയെന്ന മണ്ടൻ ചോദ്യവുമായി രമേശ് ചെന്നിത്തല. ഒക്ടോബർ 29നാണ് ഡോ. എൻ പി ഉണ്ണി, ശോഭന, ഡോ. ടി എം കൃഷ്ണ എന്നിവർക്ക് കാലടി സർവ്വകലാശാല ഡിലിറ്റ് പ്രഖ്യാപിച്ചത്.ഇപ്പോൾ ചെന്നിത്തലയുടെ ചോദ്യങ്ങൾ പ്രസിദ്ധീകരിച്ച പത്രങ്ങളിലടക്കം 30ന് ആ വാർത്ത പ്രസിദ്ധീകരിച്ചതുമാണ്. എന്നിട്ടും രമേശ് ചെന്നിത്തല അതറിഞ്ഞില്ല. ആ ലിസറ്റ് എവിടെയെന്നാണ് ഇന്നലെ ചെന്നിത്തല ചോദിച്ചത്. കാലടി സർവ്വകലാശാല രഹസ്യമായി ആർക്കോ ഡിലിറ്റ് കൊടുക്കുന്നു എന്ന മട്ടിലായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.
രാഷ്ട്രപതിക്ക് ഡിലിറ്റ് നൽകുവാൻ ഗവർണർ നിർദ്ദേശിച്ചുവെന്ന വിഷയത്തിൽ വെള്ളിയാഴ്ച്ച നടത്തിയ വാർത്താസമ്മേളനത്തിലാണ് ചെന്നിത്തലയുടെ ഈ ചോദ്യവും. കഴിഞ്ഞ മാസം സ്ഥാനമൊഴിഞ്ഞ കാലടി സംസ്കൃത സർവ്വകലാശാല വി സി അദ്ദേഹത്തിന്റെ കാലാവധി തീരുംമുന്നേ 3 പേർക്ക് ഓണററി ഡി ലിറ്റ് നൽകാനുള്ള തീരുമാനം ഗവർണറുടെ അനുമതിക്കായി സമർപ്പിച്ചിരുന്നോ എന്നും എങ്കിൽ എന്നാണ് പട്ടിക സമർപ്പിച്ചതെന്നും ആരുടെയൊക്കെ പേരുകളാണ് പട്ടികയിൽ ഉള്ളതെന്നുമാണ് ഒരു ചോദ്യം.
ഈ പട്ടികക്ക് ഇനിയും ഗവർണറുടെ അംഗീകാരം കിട്ടാത്തതിന്റെ കാരണം സർവ്വകലാശാലക്ക് ബോധ്യമായിട്ടുണ്ടോ എന്നും ചെന്നിത്തല ചോദിക്കുന്നു. ഡോ. ധർമ്മരാജ് അടാട്ട് വൈസ് ചാൻസലർ ആയിരിക്കെ സമർപ്പിച്ച ലിസ്റ്റ് ഗവർണർ അംഗീകരിച്ചതും ഡി ലിറ്റ് പ്രഖ്യാപിച്ചതുമാണ്. സംസ്കൃത സാഹിത്യത്തിലും ഗവേഷണത്തിലുമുള്ള സമഗ്ര സംഭാവനകള് പരിഗണിച്ചാണ് ഡോ. എന് പി ഉണ്ണിക്ക് ഡി. ലിറ്റ് നല്കുന്നത്. ശാസ്ത്രീയ സംഗീത രംഗത്തെസമഗ്ര സംഭാവനകള് പരിഗണിച്ച് ടി എം കൃഷ്ണയ്ക്കും ഭരതനാട്യത്തിലും ചലച്ചിത്ര രംഗത്തും നൽകിയ സംഭാവനകള് പരിഗണിച്ച് ശോഭനയ്ക്കും ഡി. ലിറ്റ് നൽകുവാൻ തീരുമാനിച്ചത്.