വിരുദുനഗർ > തമിഴ്നാട്ടിലെ വിരുദുനഗർ ജില്ലയിൽ പടക്ക നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ നാല് തൊഴിലാളികൾ കൊല്ലപ്പെട്ടു. ശ്രീവല്ലിപുത്തുരിലെ ആർകെവി പടക്ക നിർമാണശാലയിലാണ് ശനിയാഴ്ച രാവിലെ 8.30ഓടെ സ്ഫോടനമുണ്ടായത്.
അപകട സമയത്ത് 30 ഓളം തൊഴിലാളികൾ സ്ഥാപനത്തിലുണ്ടായിരുന്നു. എസ് കുമാർ (38), പി പെരിയസ്വാമി (40), എസ് വീരകുമാർ (40) എന്നിവർ സംഭവ സ്ഥലത്തും മുരുഗേശൻ (38) ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയുമാണ് മരിച്ചത്.
എട്ട് വയസുള്ള കുട്ടിയുൾപ്പെടെ ഏഴ് പേർക്ക് അപകടത്തിൽ പരിക്കേറ്റു. ഇവരെ ശിവകാശിയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഫോടനത്തിൽ പത്ത് മുറികളുള്ള കെട്ടിടം പൂർണമായും തകർന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.