കോവളം: പുതുവർഷത്തലേന്ന് മദ്യവുമായിതാമസ സ്ഥലത്തേക്കുപോയ വിദേശിയെ പോലീസ് അവഹേളിച്ചെന്നപരാതിയിൽ പോലീസുകാരനെതിരെ നടപടി. കോവളം പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐയെ സസ്പെൻഡ് ചെയ്തു.ബിവറേജസ് ഔട്ട്ലെറ്റിൽനിന്ന്വാങ്ങിയ മദ്യമാണ് വിദേശിയുടെ കൈവശമുള്ളതെന്ന് തിരിച്ചറിഞ്ഞിട്ടും വിദേശിയെ തടഞ്ഞുവെച്ചത് ഗുരുതരമായ പിഴവാണെന്നാണ് പ്രാഥമിക കണ്ടെത്തൽ. ഡിജിപി അനിൽകാന്തിന്റെ നിർദേശത്തിലാണ് അന്വേഷിച്ച് നടപടി എടുത്തിരിക്കുന്നത്.
സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഡിജിപിയോട് റിപ്പോർട്ട് തേടിയിരുന്നു. പോലീസ് നടപടി ടൂറിസത്തിന്തിരിച്ചടിയാണെന്ന് പറഞ്ഞ മന്ത്രി മുഹമ്മദ് റിയാസ് സർക്കാരിന് ഒപ്പം നിന്ന് അള്ള് വെക്കുന്നവരെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് അനിൽകാന്ത് താഴെ തട്ടിലേക്ക് നിർദേശം നൽകിയിരുന്നത്.
കോവളത്തെ സ്വകാര്യ ഹോട്ടലിൽ നാലു വർഷമായി താമസിക്കുന്ന സ്വീഡൻ സ്വദേശി സ്റ്റീഫൻ ആസ്ബെർഗിനെ (68) യാണ് കോവളം പോലീസ് അവഹേളിച്ചെന്ന് ആക്ഷേപമുണ്ടായത്.വെള്ളിയാഴ്ച ഉച്ചയ്ക്ക് കോവളം ബീച്ചിലേക്കു പോകുന്ന സൂയിസൈഡ് പോയിന്റിനടുത്തായിരുന്നുപരാതിക്ക് ഇടയാക്കിയ സംഭവം. വെള്ളാറിലുള്ള ബിവറേജ് ഔട്ട്ലെറ്റിൽനിന്നാണ് സ്റ്റീഫൻ ആസ്ബെർഗ് മൂന്നു കുപ്പി വിദേശമദ്യം വാങ്ങിയത്. ഇതുമായി ഹോട്ടലിലേക്കു പോകുമ്പോൾ വാഹനപരിശോധന നടത്തുകയായിരുന്ന കോവളം പോലീസ് സ്കൂട്ടർ കൈകാണിച്ചു നിർത്തി. ബാഗിൽ മദ്യമുണ്ടോയെന്നും ഉണ്ടെങ്കിൽ ബില്ല് കാണിക്കണമെന്നും ആവശ്യപ്പെട്ടു. ബാഗ് തുറന്ന് മദ്യക്കുപ്പികളെടുത്തു കാണിച്ചെങ്കിലും ബില്ല് നൽകിയില്ല. പോലീസുകാർ വീണ്ടും ബില്ല് ആവശ്യപ്പെട്ടു. ബില്ല് ഇദ്ദേഹത്തിന്റെ കൈവശമില്ലായിരുന്നു.
തുടർന്ന് സ്റ്റീഫൻ ബാഗിലുണ്ടായിരുന്ന മൂന്നു മദ്യക്കുപ്പികളിൽനിന്ന് രണ്ടു കുപ്പിയെടുത്ത് സമീപത്തെ പാറക്കെട്ടിലേക്ക് ഒഴുക്കി. മൂന്നാമെത്ത കുപ്പി ബാഗിൽത്തന്നെ വച്ചു. പോലീസ് തന്നോട് ദേഷ്യത്തോടെ സംസാരിച്ചതിന്റെ മാനസികബുദ്ധിമുട്ടിനെ തുടർന്നാണ് ഇങ്ങനെ ചെയ്തതെന്ന് അദ്ദേഹം പറയുകയുണ്ടായി.
അതേ സമയം വിദേശിയെ അവഹേളിച്ചെന്ന പ്രചാരണം തെറ്റാണെന്ന് ഡി.സി.പി. വൈഭവ് സക്സേന കഴിഞ്ഞ ദിവസം പറഞ്ഞു. വാഹനപരിശോധനയുടെ ഭാഗമായാണ് വിവരങ്ങൾ ചോദിച്ചത്. അദ്ദേഹത്തിന്റെ കൈവശം ബില്ലില്ലായിരുന്നു. നിലവിൽ കണ്ട ദൃശ്യങ്ങളിൽ അവഹേളിക്കുന്ന തരത്തിൽ ഒന്നുമില്ല. സംഭവത്തെക്കുറിച്ച് എസ്.എച്ച്.ഒ.യോട് വിശദീകരണമാവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു