സ്വീഡിഷ് പൗരനെ പോലീസ് തടഞ്ഞുനിര്‍ത്തി പരിശോധിച്ച് അവഹേളിച്ചെന്ന പരാതി ഉയർന്നതിന് പിന്നാലെ മുഖ്യമന്ത്രി ഡിജിപിയോട് വിശദീകരണം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് ഗ്രേഡ് എസ്ഐയ്ക്കെതിരെ നടപടിയുണ്ടായത്. നേരത്തെ വിഷയത്തിൽ പോലീസിനെതിരെ വിമർശനവുമായി ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് രംഗത്തെത്തിയിരുന്നു. സര്‍ക്കാരിന് ഒപ്പം നിന്ന് അള്ള് വെക്കുന്നവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഇടപെടലും നടപടിയും ഉണ്ടായിരിക്കുന്നത്.
കോവളത്തെ സ്വകാര്യ ഹോട്ടലില്‍ നാലു വര്‍ഷമായി താമസിക്കുന്ന സ്വീഡന്‍ സ്വദേശി സ്റ്റീവ് ആസ്‌ബെര്‍ഗിനാണ് കോവളം പോലീസിൽ നിന്ന ദുരനുഭവം ഉണ്ടായത്. കേരളാ പോലീസിൽ നിന്നും ഇത്തരമൊരു അനുഭവം പ്രതീക്ഷിച്ചിരുന്നില്ലെന്ന് സ്റ്റീവ് പറഞ്ഞിരുന്നു. മൂന്ന് കുപ്പി മദ്യം കൈവശമുണ്ടായിരുന്നുവെങ്കിലും ബിൽ ഇല്ലാതിരുന്നതിനാൽ മദ്യം കൊണ്ടുപോകാൻ പോലീസ് സമ്മതിച്ചില്ല. തന്‍റെ നിരപരാധിത്വം വ്യക്തമാക്കാനാണ് മദ്യം റോഡരികിൽ ഒഴിച്ചു കളഞ്ഞതെന്നാണ് അദ്ദേഹം പറയുന്നത്.
സ്റ്റീവ് ബെവ്കോ ഔട്ട്‌ലെറ്റിൽ നിന്നും മദ്യം വാങ്ങി സ്കൂട്ടറിൽ മടങ്ങുന്നതിനിടെ റോഡിൽ പരിശോധന നടത്തുകയായിരുന്ന പോലീസ് തടയുകയായിരുന്നു. പരിശോധനയിൽ ബാഗിൽ നിന്നും മദ്യക്കുപ്പികൾ കണ്ടെത്തി. ബെവ്കോ ഔട്ട്‌ലെറ്റിൽ നിന്നും വാങ്ങിയ മദ്യമാണെന്ന് ഇയാൾ പറഞ്ഞെങ്കിലും ബിൽ കാണിക്കണമെന്ന് പോലീസ് പറഞ്ഞതോടെയാണ് പ്രശ്നം ആരംഭിച്ചത്.
വിദേശ പൗരൻ മദ്യം ഒഴിച്ചുകളയുന്നത് സമീപത്തുള്ളവർ മൊബൈൽ ഫോണിൽ പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ പോലീസ് നിലപാട് മാറ്റുകയും ചെയ്തിരുന്നു. മദ്യം കളയേണ്ടതില്ലെന്നും ബെവ്കോ ഔട്ട്‌ലെറ്റിൽ നിന്നുള്ള ബിൽ ഹാജരാക്കിയാൽ മതിയെന്നും പോലീസ് അറിയിച്ചു. എന്നാൽ, വാങ്ങിയ രണ്ട് കുപ്പി മദ്യവും സ്റ്റീവ് റോഡരികിൽ ഒഴിച്ചു കളഞ്ഞു.
മദ്യം ഒഴിച്ചുകളഞ്ഞ ശേഷം നിരപരാധിത്യം പോലീസിനെ ബോധ്യപ്പെടുത്താൻ തിരികെ കടയിൽ പോയി ബിൽ വാങ്ങിയ ഇദ്ദേഹം പോലീസിന് മുന്നിൽ ഹാജരാക്കുകയും ചെയ്തിരുന്നു. ബിൽ കൈവശമില്ലാത്തതിനാൽ മദ്യം വലിച്ചെറിയാൻ ആവശ്യപ്പെട്ടെന്ന് സ്റ്റീവ് പറഞ്ഞു. പ്ലാസ്റ്റിക് ബോട്ടിലുകൾ ആയിരുന്നതിനാൽ കുപ്പി വലിച്ചെറിയാതെ മദ്യം ഒഴിച്ചു കളയുകയായിരുന്നെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.