കൊച്ചി> ഗോശ്രീ, ഹാര്ബര് പാലങ്ങളുടെ പണി പൂര്ത്തിയാക്കിയതായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. എറണാകുളം ജില്ലയില് നിന്നും വന്ന പരാതികളില് പ്രധാനപ്പെട്ട രണ്ട് പ്രശ്നങ്ങളായിരുന്നു ഗോശ്രീ പാലത്തിന്റെയും ഹാര്ബര് പാലത്തിന്റെയും ശോചനീയാവസ്ഥ. ചരിത്രപരമായി തന്നെ ഒട്ടേറെ പ്രത്യേകതകളുള്ള പാലങ്ങളാണ് ഇവ.പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള ഹാര്ബര് പാലം എന്നറിയപ്പെടുന്ന പഴയ മട്ടാഞ്ചേരി പാലത്തിന്റെ ടാറിംഗ് പ്രവൃത്തി പൂര്ത്തിയാക്കിയതായി റിയാസ് പറഞ്ഞു.
നേരത്തെ തന്നെ പ്രവൃത്തിയുടെ ടെണ്ടര് നടപടികള് ആയിരുന്നെങ്കിലും കോവിഡ് പ്രശ്നങ്ങളും കനത്ത മഴയും കാരണം പ്രവൃത്തി തുടങ്ങാനായിരുന്നില്ല. റോഡില് വലിയ കുഴികള് രൂപപ്പെടുന്നതിന് ഇത് കാരണമായി. തുടര്ന്ന് അടിയന്തിരമായി പ്രവൃത്തി ആരംഭിക്കണമെന്ന് തീരുമാനിച്ചു. കഴിഞ്ഞ ദിവസങ്ങളില് രാത്രി സമയം നോക്കിയാണ് പ്രവൃത്തി നടത്തിയത്.
ഗോശ്രീ ദ്വീപ് വികസന അതോറിറ്റിയുടെ അധീനതയിലാണ് ഗോശ്രീ പാലം നിലകൊള്ളുന്നത്. പാലത്തിന്റെ ശോചനീയാവസ്ഥ സംബന്ധിച്ച് ജനങ്ങളില് നിന്നും വ്യാപകമായി പരാതി ഉയര്ന്നിരുന്നു. എറണാകുളം ജില്ലാ കളക്ടര് ആവശ്യപ്പെട്ടതിനെ തുടര്ന്ന് പൊതുമരാമത്ത് വകുപ്പ് പാലത്തിന്റെ പ്രവൃത്തി ഏറ്റെടുക്കുകയായിരുന്നു.
വൈപ്പിന് മേഖലകളില് നിന്നും, എറണാകുളം ജില്ലയുടെ വടക്ക് പടിഞ്ഞാറ് ഭാഗങ്ങളില് നിന്നും കൊച്ചിയിലേക്ക് എത്താനായി ഉപയോഗിക്കുന്നതാണ് ഈ പാത. പകല് സമയങ്ങളില് ഇവിടെ ഗതാഗത നിയന്ത്രണം ദുഷ്കരമായത് കൊണ്ട് പൊതുജനങ്ങള്ക്ക് പരമാവാധി ബുദ്ധിമുട്ടുകള് സൃഷ്ടിക്കാത്ത വിധം രാത്രിയിലാണ് പ്രവൃത്തികള് നടപ്പിലാക്കിയത്. വകുപ്പിന്റെ കീഴിലുള്ള പ്രവൃത്തി അല്ലാതിരുന്നിട്ടുകൂടി ജനങ്ങളുടെ പ്രയാസത്തിന് പരിഹാരം കാണാനായി. പ്രവൃത്തി ഏറ്റെടുത്ത് വേഗത്തില് പൂര്ത്തീകരിച്ച പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെ പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി