ബിൽ കൈവശമില്ലാത്തതിനാൽ മദ്യം വലിച്ചെറിയാൻ ആവശ്യപ്പെട്ടെന്ന് സ്റ്റീവ് പറഞ്ഞു. പ്ലാസ്റ്റിക് ബോട്ടിലുകൾ ആയിരുന്നതിനാൽ കുപ്പി വലിച്ചെറിയാതെ മദ്യം ഒഴിച്ചു കളയുകയായിരുന്നു. പോലീസ് നടപടിയിൽ തൻ്റെ നിരപരാധിത്വം തെളിയിക്കാനാണ് മദ്യം ഒഴിച്ച് കളഞ്ഞിട്ടും ബെവ്കോ ഔട്ട്ലെറ്റിൽ നിന്നും ബിൽ വാങ്ങി പോലീസ് സ്റ്റേഷനിൽ നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ നാല് വർഷമായി കേരളത്തിലെ ടൂറിസം രംഗത്ത് പ്രവർത്തിക്കുകയാണെന്ന് 68 കാരനായ സ്റ്റീവ് പറഞ്ഞു. നാട്ടുകാരിൽ നിന്നും പോലീസിൽ നിന്നും നിരന്തരം പ്രശ്നങ്ങളാണ് നേരിടുന്നുണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കോവളത്തെ സംഭവം ദൗർഭാഗ്യകരമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് വ്യക്തമാക്കി. “പോലീസിൻ്റെ ഭാഗത്ത് നിന്നുമുണ്ടായ നടപടി ദൗർഭാഗ്യകരമാണ്. സംസ്ഥാനത്തെ ടൂറിസം രംഗത്തിന് ഇത്തരത്തിലുള്ള സമീപനം തിരിച്ചടിയാകും. സർക്കാരിൻ്റെ നയമല്ല ഇത്. സര്ക്കാരിന്റെ ഒപ്പം നിന്ന് അള്ള് വയ്ക്കുന്ന നടപടി അനുവദിക്കില്ല. സംഭവത്തില് ആഭ്യന്തര വകുപ്പ് നടപടി എടുക്കട്ടെ” – എന്നും അദ്ദേഹം പറഞ്ഞു.
പോലീസിനെതിരെ നടപടിയെടുക്കേണ്ടത് മറ്റൊരു വകുപ്പാണ്. അന്വേഷണത്തിലൂടെ അവർ അത് നടത്തട്ടെ. ഞങ്ങളെ സംബന്ധിച്ച് ഒരു തരത്തിലും പ്രോത്സാഹിപ്പിക്കുന്ന നിലപാടല്ല ഇത്. കേരളത്തിലേക്ക് ടൂറിസ്റ്റുകളെ എത്തിക്കാനുള്ള നടപടികളും പദ്ധതികളും ഒരു ഭാഗത്ത് നടക്കുകയാണ്. കൊവിഡ് സാഹചര്യം മാറി ആളുകളെ എത്തിക്കാനുള്ള ശ്രമം തുടരുമ്പോൾ ഇങ്ങനെയുള്ള കാര്യങ്ങൾ തീർച്ചയായും പരിശോധിക്കണം. സർക്കാരിനൊപ്പം നിന്ന് സർക്കാരിനെ അള്ള് വെക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്നും പറഞ്ഞു.
വെള്ളിയാഴ്ചയാണ് പോലീസ് പരിശോധനയെ തുടർന്ന് ബെവ്കോ ഔട്ട്ലെറ്റിൽ നിന്നും വാങ്ങിയ മദ്യം സ്റ്റീവ് ഒഴിച്ചു കളഞ്ഞത്.
ബെവ്കോ ഔട്ട്ലെറ്റിൽ നിന്നും മദ്യം വാങ്ങി സ്കൂട്ടറിൽ മടങ്ങുന്നതിനിടെ റോഡിൽ പരിശോധന നടത്തുകയായിരുന്ന പോലീസ് സ്റ്റീവിനെ തടയുകയായിരുന്നു. പോലീസ് നടത്തിയ പരിശോധനയിൽ സ്റ്റീവിൻ്റെ ബാഗിൽ നിന്നും മദ്യക്കുപ്പികൾ കണ്ടെത്തി. ബെവ്കോ ഔട്ട്ലെറ്റിൽ നിന്നും വാങ്ങിയ മദ്യമാണെന്ന് ഇയാൾ പറഞ്ഞെങ്കിലും ബിൽ കാണിക്കണമെന്ന് പോലീസ് പറഞ്ഞതോടെയാണ് പ്രശ്നം ആരംഭിച്ചത്.
വാങ്ങിയ മദ്യത്തിൻ്റെ ബിൽ കാണിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടെങ്കിലും ബിൽ കൈവശമില്ലെന്ന് സ്റ്റീവ് പോലീസിനോട് പറഞ്ഞു. ബിൽ ഇല്ലാതെ മദ്യം കൊണ്ട് പോകാൻ കഴിയില്ലെന്ന് പോലീസ് വ്യക്തമാക്കിയതോടെ വാങ്ങിയ മദ്യക്കുപ്പികളിലൊന്ന് സ്റ്റീവ് റോഡരികിൽ ഒഴിച്ചു കളയുകയായിരുന്നു. ഇതിനിടെ സമീപത്തുള്ളവർ സംഭവം മൊബൈൽ ഫോണിൽ പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ പോലീസ് നിലപാട് മാറ്റി. മദ്യം കളയേണ്ടതില്ലെന്നും ബെവ്കോ ഔട്ട്ലെറ്റിൽ നിന്നുള്ള ബിൽ ഹാജരാക്കിയാൽ മതിയെന്നും പോലീസ് അറിയിച്ചു. എന്നാൽ, വാങ്ങിയ രണ്ട് കുപ്പി മദ്യവും സ്റ്റീവ് റോഡരികിൽ ഒഴിച്ചു കളയുകയായിരുന്നു. മദ്യം ഒഴിച്ചുകളഞ്ഞ ശേഷം നിരപരാധിത്യം പോലീസിനെ ബോധ്യപ്പെടുത്താൻ തിരികെ കടയിൽ പോയി ബിൽ വാങ്ങി പോലീസിന് മുന്നിൽ ഹാജരാക്കുകയും ചെയ്തു.