കോട്ടയം
പുതുവർഷത്തിലെ പുതിയ പ്രഭാതത്തിലേക്കുള്ള സൈറൺ മുഴക്കത്തോടെ ശനിയാഴ്ച വെള്ളൂരിലെ പേപ്പർനിർമാണ ഫാക്ടറിയുടെ ഗേറ്റ് തുറക്കും. കേന്ദ്ര സർക്കാർ അടച്ചുപൂട്ടി വിൽക്കാൻ വച്ച ഫാക്ടറി ഇന്ന് കേരളത്തിന്റെ പ്രത്യാശയുടെ പ്രതീകമാകുകയാണ്. ഒപ്പം ജനപക്ഷ നിലപാടിന്റെയും നിശ്ചയദാർഢ്യത്തിന്റെയും. കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡിൽ (കെപിപിഎൽ)– പഴയ എച്ച്എൻഎൽ–- മൂന്നുകൊല്ലത്തിനുശേഷം സൈറൺ മുഴങ്ങുമ്പോൾ നാട്ടിലും ആരവമാണ്. രാജ്യത്തിന്റെ അഭിമാനമായിരുന്ന എച്ച്എൻഎൽ വിൽക്കാൻ വച്ചപ്പോൾ സംസ്ഥാന സർക്കാർ ലേലത്തിലൂടെ 146 കോടി രൂപയ്ക്കാണ് ഏറ്റെടുത്തത്.
എൽഡിഎഫ് സർക്കാരിന്റെ മറ്റൊരു വാഗ്ദാനമാണ് നിറവേറുന്നത്. 1200 കോടി രൂപയുടെ വികസനപദ്ധതികളും നടപ്പാക്കും. യന്ത്രങ്ങളുടെ അറ്റകുറ്റപ്പണി ശനിയാഴ്ച തുടങ്ങും. അഞ്ചു മാസത്തിനുള്ളിൽ ഉൽപ്പാദനം ആരംഭിക്കും. ന്യൂസ് പ്രിന്റ്, ടിഷ്യു പേപ്പർ, ആർട്ട് പേപ്പർ തുടങ്ങിയവയാണ് നിർമിക്കുക. നാലു വർഷംകൊണ്ട് 3200 കോടി രൂപയുടെ വിറ്റുവരവാണ് ലക്ഷ്യം.
കിൻഫ്രയുടെ മേൽനോട്ടത്തിലാണ് നവീകരണം. വ്യവസായമന്ത്രി പി രാജീവ് നേരിട്ടെത്തി പ്രവർത്തനങ്ങൾ ആസൂത്രണംചെയ്തു. മൂവായിരത്തിലധികം പേർക്ക് തൊഴിൽനിൽകുന്ന സ്ഥാപനമായി കെപിപിഎൽ മാറും. എച്ച്എൻഎൽ ആയിരുന്നപ്പോൾ 260 സ്ഥിരം ജീവനക്കാരും 200 കരാർ തൊഴിലാളികളുമാണ് ഉണ്ടായിരുന്നത്. സംസ്ഥാന സർക്കാരിന്റെ റബർ പാർക്കും ഇവിടെയാണ് വരുന്നത്. ഒരുവർഷത്തിനുള്ളിൽ പൊതുമേഖലയിൽ കെപിപിഎൽ കരുത്തു*നേടും.