തിരുവനന്തപുരം
തുടർഭരണത്തിലൂടെ പുതുചരിതമെഴുതിയ എൽഡിഎഫ് സർക്കാർ ആറുമാസത്തിനിടെ കൈവരിച്ച അതുല്യമായ നേട്ടങ്ങളുടെ ചിറകുവിരിച്ചാണ് പുതുവർഷത്തിലേക്ക് പറക്കുന്നത്. ഭരണമികവിലും ക്ഷേമ, വികസന പദ്ധതികളിലും പുതിയ ആകാശം തൊടുകയാണ് സർക്കാർ. അധികാരത്തിലെത്തി ആറുമാസമാകുമ്പോൾ നടപ്പാക്കിയതും പുരോഗമിക്കുന്നതുമായ പ്രധാനപ്പെട്ട 60 പദ്ധതിയുടെ വിവരമടങ്ങിയ ലഘുലേഖയും പുറത്തിറക്കി.
അടിസ്ഥാന വികസനമേഖലയിൽ അത്ഭുതകരമായ മാറ്റം പ്രതീക്ഷിക്കുന്ന കെ–-റെയിൽ സിൽവർലൈൻ നിർമാണം ഈ വർഷം തുടങ്ങാമെന്നാണ് പ്രതീക്ഷ. രാഷ്ട്രീയ വൈരത്തോടെയുള്ള എതിർപ്പുകളെ ജനങ്ങൾ തള്ളി.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം നിർമാണത്തിന് കൗണ്ട് ഡൗൺ ഏർപ്പെടുത്തി. കണ്ണൂർ വിമാനത്താവളത്തിൽ ചരക്കുഗതാഗതം തുടങ്ങി. കോവിഡിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് സഹായം പ്രഖ്യാപിച്ചു. സുപ്രീംകോടതി നിർദേശത്തെ തുടർന്ന് കേന്ദ്രം പ്രഖ്യാപിച്ച അരലക്ഷം രൂപ സഹായം 13,000 പേർക്ക് നൽകി.
കോവിഡ് അടച്ചിടലിലും ഐടി, സൂക്ഷ്മ ചെറുകിട വ്യവസായമേഖലയിൽ കുതിച്ചുചാട്ടമുണ്ടായി. ഭരണമികവ്, വ്യാവസായിക അന്തരീക്ഷം, ചികിത്സാ മേഖല എന്നിവിടങ്ങളിൽ രാജ്യത്ത് മുന്നിലെത്തി. പൊതുമരാമത്ത് വിഭാഗത്തിൽ ജനകീയപദ്ധതികൾ നടപ്പാക്കുന്നു. റസ്റ്റ്ഹൗസുകൾ ജനങ്ങൾക്കായി തുറന്നുകൊടുത്തു. പരാതികൾക്ക് ഉടനടി പരിഹാരം കാണുന്നു. സഹകരണമേഖലയിൽ ദ്രുതമാറ്റംക്കുറിച്ച് 29 യുവജന സംഘം. പൊതുവിതരണസംവിധാനത്തിന് വിലക്കയറ്റം പിടിച്ചുനിർത്താനായി, കാർഷിക–-ക്ഷീര മേഖലയിൽ മാറ്റങ്ങൾ ദൃശ്യമായി. കോവിഡ്കാലത്തും പൊതുവിദ്യാഭ്യാസമേഖല കുട്ടികളെ ചേർത്തുപിടിച്ചു. കൂടുതൽ കരുത്തോടെ സർക്കാർ മുന്നേറുമ്പോൾ ഒപ്പമുണ്ടെന്ന ജനങ്ങളുടെ പ്രഖ്യാപനമായി തദ്ദേശ ഉപതെരഞ്ഞെടുപ്പിലെ എൽഡിഎഫ് വിജയം.