കോട്ടയം
ചാവറയച്ചന്റെ 150–-ാം ചരമവാർഷികാചരണത്തിന്റെ സമാപനസമ്മേളനം തിങ്കളാഴ്ച മാന്നാനം ആശ്രമ ദേവാലയത്തിൽ നടക്കും. ഉപരാഷ്ട്രപതി വെങ്കയ്യനായിഡു മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് തോമസ് ചാഴികാടൻ എംപിയും വികാരി ജനറൽ ഫാ. ജോസി താമരശ്ശേരിയിലും വാർത്താസമ്മേളനത്തിൽ പറഞ്ഞു. ദേവാലയ അങ്കണത്തിൽ പ്രത്യേകം തയ്യാറാക്കുന്ന പന്തലിലാണ് ചടങ്ങുകൾ. മന്ത്രി വി എൻ വാസവൻ അധ്യക്ഷനാകും.
വിദ്യാഭ്യാസ, സാമൂഹിക പുരോഗതിക്ക് സമാനതകളില്ലാത്ത സംഭാവനകൾ നൽകിയ ചാവറയച്ചന്റെ ചരമവാർഷികത്തോടനുബന്ധിച്ച് രണ്ടുവർഷമായി നടന്നുവരുന്ന ആഘോഷപരിപാടികൾക്കാണ് പരിസമാപ്തിയാകുന്നത്. സഭാധികാരി, സാമൂഹിക പരിഷ്കർത്താവ്, വിദ്യാഭ്യാസ വിചക്ഷണൻ, അച്ചടിയുടെ ആരംഭകൻ തുടങ്ങിയ നിലകളിലെല്ലാം സഭയിലും സമൂഹത്തിലും ചിരപ്രതിഷ്ഠ നേടിയ വ്യക്തിത്വമായിരുന്നു ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റേത്. 1846 ൽ മാന്നാനത്ത് സംസ്കൃത സ്കൂൾ സ്ഥാപിച്ച് വിദ്യാഭ്യാസ അവകാശം സാധാരണക്കാരിലേക്കും എത്തിച്ചു. മാന്നാനത്ത് സെന്റ് ജോസഫ്സ് പ്രസ് എന്ന അച്ചുകൂടം സ്ഥാപിച്ചു. 2014 നവംബർ 23ന് വിശുദ്ധനായി പ്രഖ്യാപിച്ചു.
ഫാ. ജെയിംസ് മുല്ലശ്ശേരി, ഫാ. ആന്റണി കാഞ്ഞിരത്തുങ്കൽ, ഫാ. സെബാസ്റ്റ്യൻ ചാമത്തറ, ഫാ. മാത്യൂസ് ചക്കാലയ്ക്കൽ, റെജി ചാവറ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.