തിരുവനന്തപുരം
കെ–-റെയിലിന്റെ സിൽവർലൈനിലേക്ക് ആകർഷിക്കപ്പെടുന്നത് കൂടുതലും റോഡ്, റെയിൽ അധികയാത്രക്കാർ. ട്രെയിനിൽ വെയ്റ്റിങ് ലിസ്റ്റിലായി എസി ടിക്കറ്റുകൾ ലഭിക്കാതെ പോകുന്ന യാത്രക്കാർ ഏറെയാണ്. ആറുമാസത്തിനിടെ എസി വെയിറ്റിങ് ലിസ്റ്റിൽ റദ്ദായ ടിക്കറ്റുകൾ 52 ലക്ഷമാണെന്ന് ദക്ഷിണറെയിൽവേ. ആകെ റദ്ദാകുന്നത് പ്രതിദിനം അരലക്ഷത്തോളം വരും. ഇതിൽ നല്ലൊരു പങ്ക് കേരളത്തിന്റേതാണ്.
വെയിറ്റിങ് ലിസ്റ്റിലുള്ള യാത്രക്കാർക്ക് 150 ടിക്കറ്റ് അധികം നൽകാൻ റെയിൽവേ തീരുമാനിച്ചിരുന്നു. എന്നിട്ടും ടിക്കറ്റ് കിട്ടാത്തവർ വർധിച്ചു. 2019–-20ൽ നാല് കോടിയായിരുന്ന പ്രതിദിന റെയിൽ യാത്രക്കാർ 2021ൽ ഏഴ് കോടിയായി. റോഡ് ഗതാഗതരംഗത്ത് വലിയതോതിൽ വാഹന വർധനയുണ്ടാകാൻ പോകുന്ന സംസ്ഥാനമാണ് കേരളം. കേന്ദ്രസർക്കാർ വാഹനം പൊളിക്കൽ നയം പ്രഖ്യാപിച്ചവേളയിലും ഇത് വ്യക്തമാക്കി.
റോഡുകൾക്ക് താങ്ങാനാകാത്ത വിധം വാഹനം വർധിക്കും. റോഡുകളുടെ വീതികൂട്ടലും കീറാമുട്ടിയാണ്. കാറിൽ 200 കിലോമീറ്ററിലധികം സഞ്ചരിക്കുന്നവർ വർധിക്കുന്നുവെന്ന് കെ–-റെയിൽ പഠനം കണ്ടെത്തിയിരുന്നു. ട്രെയിൻ, ബസ് സംവിധാനത്തേക്കാൾ സുഗമമായ യാത്രയാണ് ഇവർ ലക്ഷ്യമിടുന്നതെങ്കിലും കുരുക്കും മറ്റ് തടസ്സങ്ങളും വലയ്ക്കുന്നു. ഈ യാത്രക്കാരും സിൽവർലൈൻ തെരഞ്ഞെടുക്കുമെന്നാണ് കണക്കുകൂട്ടൽ.