കൊച്ചി
ഒമിക്രോൺ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ നാടും നഗരവും കരുതലോടെ പുതുവർഷത്തെ വരവേറ്റു. രാത്രി നിയന്ത്രണമുണ്ടായിരുന്നതിനാൽ വലിയ രീതിയിലുള്ള ആഘോഷം ഉണ്ടായിരുന്നില്ല. വീടുകളിലെ ആഘോഷത്തിലൊതുങ്ങി. ഫോർട്ട് കൊച്ചിയിൽ പപ്പാഞ്ഞിയെ കത്തിക്കൽ ഉൾപ്പെടെയുള്ളവ ഒഴിവാക്കി. രാത്രി ഒമ്പതോടെ പൊലീസ് ബീച്ചിലും പരിസരത്തുമുണ്ടായിരുന്ന ആളുകളെ ഒഴിപ്പിച്ചു. മാളുകൾ, പാർക്കുകൾ എന്നിവിടങ്ങളിലും കർശനനിയന്ത്രണമുണ്ടായിരുന്നു. നഗരത്തിലും പരിസരത്തും പൊലീസ് പട്രോളിങ് ശക്തമാക്കി.
പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി കൊച്ചി മെട്രോ സ്റ്റേഷനുകളിൽ രാവിലെമുതൽ ആഘോഷപരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഇടപ്പള്ളി സ്റ്റേഷനിൽ രാവിലെ ഫ്യൂഷന്‍ ഒപ്പന, സിനിമാറ്റിക് ഡാന്‍സ്, കാരൾ സോങ്, എംജി റോഡ് സ്റ്റേഷനില്‍ നാടന്‍പാട്ട്, സെമി ക്ലാസിക്കല്‍ ഡാന്‍സ്, സാന്താ ഡാന്‍സ്, ഫ്യൂഷന്‍ ഫാഷന്‍ ഷോ, വൈറ്റില സ്റ്റേഷനില്‍ നാടന്‍ പാട്ട്, ഡ്യുയറ്റ് സോങ് പേട്ട സ്റ്റേഷനില്‍ കിച്ചന് ഡാന്‍സ്, പാരഡിഗാനം, മോണോ ആക്റ്റ്, വയലിന്, മാര്‍ഗംകളി, ക്രിസ്റ്റ്യന്‍ സോളോ സോങ്, ഡാന്‍സ്, കവിതാലാപാനം തുടങ്ങിയവ നടന്നു. രാത്രി ഏഴോടെ മത്സരങ്ങൾ അവസാനിപ്പിച്ചു.
ഹോട്ടലുകൾ രാത്രി ഒമ്പതരയോടെ അടച്ചു. സർക്കാർ നിയന്ത്രണങ്ങൾ കർശനമായി പാലിക്കാൻ ഉടമകൾക്ക് നിർദേശം നൽകിയിരുന്നതായി കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ (കെഎച്ച്ആർഎ) സംസ്ഥാന പ്രസിഡന്റ് ജി ജയപാൽ പറഞ്ഞു.