ഒരു കായിക വർഷംകൂടി മറയുന്നു. കോവിഡ് മഹാമാരിയിൽനിന്ന് കുതറിമാറി കളിക്കളങ്ങൾ ഉണരാൻ തുടങ്ങിയ വർഷമായിരുന്നു 2021. സ്റ്റേഡിയങ്ങളിൽ കാണികൾ എത്തിത്തുടങ്ങി. പക്ഷേ, പൂർണമായിട്ടില്ല. അപ്പോഴേക്കും ഒമിക്രോൺ ഭീഷണിയുണ്ട്. എങ്കിലും 2022 നൽകുന്നത് ശുഭപ്രതീക്ഷയാണ്. കളികളുടെ വർഷമാണ് ആഗതമായത്. ഫുട്ബോളും ക്രിക്കറ്റും ലോകകപ്പ് സമ്മാനിക്കുന്നു. ഏഷ്യൻ ഗെയിംസും കോമൺവെൽത്ത് ഗെയിംസും ലോക അത് ലറ്റിക് ചാമ്പ്യൻഷിപ്പുമുണ്ട്. മുഴുനീളെ കളികൾ നിറയുന്ന വർഷം. കളികൾ നടക്കട്ടെ. കളിക്കാർ തിളങ്ങട്ടെ. സ്റ്റേഡിയങ്ങൾ നിറയട്ടെ. കാത്തിരിക്കാം
ഫുട്ബോൾ കളിയുടെ പൂരമാണ് ഈ വർഷം. ഖത്തറിലെ ലോകകപ്പുതന്നെ പ്രധാനം. നവംബർ 21 മുതൽ ഡിസംബർ 18 വരെ നടക്കുന്ന ലോകകപ്പിൽ 32 ടീമുകൾ അണിനിരക്കും. ഇതുവരെ ആതിഥേയരായ ഖത്തർ അടക്കം 13 ടീമുകൾ യോഗ്യത നേടി. യോഗ്യതാമത്സരങ്ങൾ ജൂണിൽ അവസാനിക്കും.
ആഫ്രിക്കൻ നേഷൻസ് കപ്പ് ജനുവരി ഒമ്പതുമുതൽ ഫെബ്രുവരി ആറുവരെ കാമറൂണിലാണ്. യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ മെയ് 28ന് റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗിൽ നടക്കും.
കൗമാരക്കാരുടെ അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിന് വെസ്റ്റിൻഡീസ് ആതിഥേയരാകും. ജനുവരി 14 മുതൽ ഫെബ്രുവരി അഞ്ചുവരെ നടക്കുന്ന ലോകകപ്പിൽ ഇന്ത്യയടക്കം 16 ടീമുകളുണ്ട്. ബംഗ്ലാദേശാണ് നിലവിലെ ചാമ്പ്യൻമാർ. വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ന്യൂസിലൻഡിൽ മാർച്ച് നാലുമുതൽ ഏപ്രിൽ മൂന്നുവരെയാണ്. ഇന്ത്യയടക്കം എട്ടു ടീമുകൾ. ഇംഗ്ലണ്ടാണ് ജേതാക്കൾ. പുരുഷന്മാരുടെ ട്വന്റി 20 ലോകകപ്പ് ഒക്ടോബർ 16 മുതൽ നവംബർ 13 വരെയാണ്. നിലവിലെ ചാമ്പ്യൻമാരായ ഓസ്ട്രേലിയയാണ് ആതിഥേയർ.
ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ് ജൂലൈ 15 മുതൽ 24 വരെ അമേരിക്കയിലെ യൂജിനിൽ നടക്കും. കഴിഞ്ഞവർഷം നടക്കേണ്ടതായിരുന്നു. കോമൺവെൽത്ത് ഗെയിംസ് ഇംഗ്ലണ്ടിലെ ബെർമിങ്ഹാമിൽ ജൂലൈ 28 മുതൽ ആഗസ്ത് എട്ടുവരെയാണ്. ചൈനയിലാണ് ഇക്കുറി ഏഷ്യൻ ഗെയിംസ്. സെപ്തംബർ 10 മുതൽ 25 വരെ നടക്കുന്ന ഗെയിംസിൽ ഇന്ത്യ മെഡൽ പ്രതീക്ഷിക്കുന്നു.
ടെന്നീസിൽ നാലു ഗ്രാന്ഡ്സ്ലാം ചാമ്പ്യൻഷിപ്പുകൾതന്നെ പ്രധാനം. 20 ഗ്രാന്ഡ്സ്ലാം കിരീടങ്ങളുള്ള നൊവാക് ജൊകോവിച്ച് ഒന്നുകൂടി നേടി ഒന്നാമതെത്താൻ ശ്രമിക്കും. വനിതകളിൽ സെറീന വില്യംസിന് 23 കിരീടങ്ങളുണ്ട്. ഒന്നുകൂടി നേടിയാൽ മാർഗരറ്റ് കോർട്ടിന് ഒപ്പമെത്താം. ഓസ്ട്രേലിയൻ ഓപ്പൺ ജനുവരി 17 മുതൽ 30 വരെയാണ്. ഫ്രഞ്ച് ഓപ്പൺ മെയ് 22 മുതൽ ജൂൺ അഞ്ചുവരെ. വിംബിൾഡൺ ജൂൺ 27ന് തുടങ്ങി ജൂലൈ 10ന് അവസാനിക്കും. യുഎസ് ഓപ്പൺ ആഗസ്ത് 29 മുതൽ സെപ്തംബർ 11 വരെയാണ്.
വനിതകളുടെ ഹോക്കി ലോകകപ്പ് സ്പെയ്നിലും നെതർലൻഡ്സിലുമായി നടക്കും. ജൂലൈ ഒന്നുമുതൽ 17 വരെയാണ് മത്സരങ്ങൾ.
ലോക നീന്തൽ ചാമ്പ്യൻഷിപ് ജപ്പാനിൽ 13 മുതൽ 29 വരെ ജപ്പാനിൽ നടക്കും. ലോക പുരുഷ വോളിബോൾ ചാമ്പ്യൻഷിപ് റഷ്യയിൽ ആഗസ്ത് 26 മുതൽ സെപ്തംബർ 11 വരെയാണ്. വനിതകളുടേത് സെപ്തംബർ 23 മുതൽ ഒക്ടോബർ 15 വരെ നെതർലൻഡ്സിലും പോളണ്ടിലുമായി നടക്കും.
കഴിഞ്ഞവർഷം ടോക്യോ ഒളിമ്പിക്സായിരുന്നെങ്കിൽ ഇക്കുറി ചൈനയിൽ ശീതകാല ഒളിമ്പിക്സുണ്ട്. ബീജിങ്ങിൽ ഫെബ്രുവരി നാലുമുതൽ 20 വരെയാണ് ഐസിലും മഞ്ഞിലുമുള്ള മത്സരങ്ങൾ. മാർച്ച് നാലുമുതൽ 13 വരെ ശീതകാല പാരാലിമ്പിക്സുമുണ്ട്.
കൗമാരക്കുതിപ്പ്
ഇന്ത്യൻ ക്രിക്കറ്റിന് പുതുവർഷ സമ്മാനമായി അണ്ടർ 19 ഏഷ്യൻ കിരീടം. ഫൈനലിൽ ശ്രീലങ്കയെ ഒമ്പത് വിക്കറ്റിന് തോൽപ്പിച്ചാണ് ഏഷ്യാ കപ്പ് കിരീടം ഇന്ത്യ സ്വന്തമാക്കിയത്. മഴകാരണം ഇടയ്ക്ക് കളി തടസ്സപ്പെട്ടു. ലങ്ക 38 ഓവറിൽ 9–-106 റണ്ണാണ് നേടിയത്. ഇന്ത്യയുടെ ലക്ഷ്യം 32 ഓവറിൽ 102 റണ്ണായി പുതുക്കി. 63 പന്ത് ശേഷിക്കെയാണ് ലക്ഷ്യം മറികടന്നത്. ഓപ്പണർ അങ്ക്രിഷ് രഘുവൻഷി 56 റണ്ണുമായി പുറത്താകാതെനിന്നു. യഷ് ദുൾ ആണ് ക്യാപ്റ്റൻ. എട്ടാം ഏഷ്യാ കപ്പ് കിരീടമാണിത്.
അറബിക്കഥ പറയാൻ ഖത്തർ
ഖത്തർ ലോകകപ്പ് ഒരുക്കുന്നത് വിസ്മയക്കാഴ്ചകളാകും. മലയാളികൾ ഏറ്റവും കൂടുതൽ നേരിട്ടുകാണുന്ന ആദ്യ ഫുട്ബോൾ ലോകകപ്പ്. നവംബർ 21ന് ആവേശത്തിന്റെ പന്തുരുളും. അറബ് സാംസ്കാരിക പൈതൃകവും ലോകോത്തര എൻജിനിയറിങ് വൈദഗ്ധ്യവും കൈയൊപ്പ് ചാർത്തിയ എട്ട് അത്യാധുനിക സ്റ്റേഡിയങ്ങളാണ് പ്രധാന സവിശേഷത. നാലരലക്ഷംപേരെ ഉൾക്കൊള്ളാൻ ശേഷിയുള്ള ലോകത്തിലെ ഏറ്റവും വലിയ സ്മാർട്ട് സിറ്റി. പഞ്ചനക്ഷത്ര ഹോട്ടലുകളും നൂതന ഗതാഗതസൗകര്യങ്ങളും. ഒരുക്കത്തിലും നിർമാണത്തിലും ഖത്തർ അത്ഭുതപ്പെടുത്തുന്നു.
എട്ടുവേദികൾ, 32 ടീമുകൾ, 65 മത്സരങ്ങൾ. അൽ ഖോറിലെ അൽ ബെയ്ത് സ്റ്റേഡിയത്തിലാണ് ഉദ്ഘാടനമത്സരം. ലുസൈൽ സ്റ്റേഡിയത്തിൽ ഫൈനൽ.
അറേബ്യൻ ഉപദ്വീപും മധ്യേഷ്യയും ആദ്യമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. പരിസ്ഥിതിസൗഹൃദമായാണ് സ്റ്റേഡിയങ്ങൾ നിർമിച്ചത്. എല്ലാം നാൽപ്പതിനായിരത്തിനുമുകളിൽ ഇരിപ്പിടശേഷിയുള്ളവയാണ്. ഫിഫയുടെ ചരിത്രത്തിലെ ആദ്യത്തെ കാർബൺ ന്യൂട്രൽ ടൂർണമെന്റാകും ഇത്. അതുപോലെ ആദ്യ ശൈത്യകാല ലോകകപ്പും.