തിരുവനന്തപുരം: പുത്തൻ പ്രതീക്ഷകളുമായി ലോകം പുതുവർഷത്തെ വരവേറ്റു. പസഫിക് സമുദ്രത്തിലെ സമോവ, ടോംഗ, കിരിബാത്തി ദ്വീപുകളിലാണ് പുതുവർഷം ആദ്യമെത്തിയത്. പിന്നാലെ ന്യൂസിലാൻഡും പുതുവർഷത്തെ വരവേറ്റു.
ഒമിക്രോൺ വ്യാപന സാഹചര്യം കണക്കിലെടുത്ത് രാത്രികാല കർഫ്യൂ ഏർപ്പെടുത്തിയതിനാൽ സംസ്ഥാനത്ത് പുതുവർഷാഘോഷത്തിന് കടിഞ്ഞാൺ വീണു. വലിയ പുതുവർഷാഘോഷങ്ങൾ നടന്നിരുന്ന തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോട്ടുമെല്ലാം ഇക്കുറി കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഫോർട്ട് കൊച്ചി, കോഴിക്കോട് ബീച്ച്, കോവളം തുടങ്ങിയ ഇടങ്ങളെല്ലാം രാത്രി ഒമ്പതോടെ തന്നെ ശൂന്യമായി.
കോഴിക്കോട് ബീച്ചിലും കോവളം ബീച്ചിലും പുതുവർഷം ആഘോഷിക്കാനെത്തിയവരെ രാത്രി എട്ടരയോടെ തന്നെ ബീച്ചിൽ നിന്ന് പോലീസ് ഒഴിപ്പിച്ചിരുന്നു. ഹോട്ടലുകളും ബാറുകളുമെല്ലാം രാത്രി ഒമ്പത് മണിയോടെപ്രവർത്തനം അവസാനിപ്പിച്ചു. സംസ്ഥാനത്തുടനീളം പ്രധാനപ്പെട്ട റോഡുകളിലെല്ലാം പോലീസ് കർശന നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. കൃത്യമായ പരിശോധനയ്ക്ക് ശേഷം മാത്രമേ രാത്രി പത്ത് മണിക്ക് ശേഷം യാത്ര അനുവദിച്ചിരുന്നുള്ളു.നിയന്ത്രണങ്ങൾ കർശനമായതോടെ വീടുകളിലായിരുന്നു ആഘോഷമേറെയും
ഡൽഹി, മുംബൈ, ബെംഗളൂരു തുടങ്ങിയ വലിയ നഗരങ്ങളിലും കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
പസഫിക് മഹാസമുദ്രത്തിലെ തന്നെ ചില ദ്വീപുകളിലാണ് പുതുവർഷം അവസാനമെത്തുന്നത്. അമേരിക്കയ്ക്കു കീഴിലുള്ള ബേക്കർ ദ്വീപ്, ഹൗലാൻഡ് ദ്വീപ് എന്നിവിടങ്ങളിലാണ് പുതുവർഷം അവസാനമെത്തുക. എന്നാൽ ഇവിടെ മനുഷ്യവാസം ഇല്ല.
content highlights:new year 2022