പാലക്കാട്/കൊട്ടാരക്കര
സിപിഐ എം പാലക്കാട്, കൊല്ലം ജില്ലാ സമ്മേളനങ്ങൾക്ക് പ്രൗഡോജ്വല തുടക്കം. പാലക്കാട് സമ്മേളനം ടി ചാത്തു, കെ വി വിജയദാസ് നഗറിൽ (പിരായിരി ഹൈടെക് ഓഡിറ്റോറിയം) മുഖ്യമന്ത്രിയും പൊളിറ്റ്ബ്യൂറോ അംഗവുമായ പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയറ്റംഗം ടി എൻ കണ്ടമുത്തൻ താൽക്കാലിക അധ്യക്ഷനായി. സംഘാടകസമിതി ചെയർമാൻ എൻ എൻ കൃഷ്ണദാസ് സ്വാഗതം പറഞ്ഞു.
മുതിർന്ന പ്രതിനിധി സി ടി കൃഷ്ണൻ പതാക ഉയർത്തി. ജില്ലാ സെക്രട്ടറിയറ്റ് അംഗം പി കെ ശശി രക്തസാക്ഷി പ്രമേയവും ഇ എൻ സുരേഷ്ബാബു അനുശോചന പ്രമേയവും അവതരിപ്പിച്ചു. ടി എൻ കണ്ടമുത്തൻ (കൺവീനർ), വി കെ ചന്ദ്രൻ, കെ എസ് സലീഖ, ടി എം ശശി, പി ദിനനാഥ് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിക്കുന്നു. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ വിജയരാഘവൻ, ഇ പി ജയരാജൻ, എ കെ ബാലൻ, എം സി ജോസഫൈൻ, കെ കെ ശൈലജ, എളമരം കരീം, കെ രാധാകൃഷ്ണൻ, സംസ്ഥാന സെക്രട്ടറിയറ്റംഗം ബേബി ജോൺ എന്നിവർ പങ്കെടുക്കുന്നു. ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ പൊതുചർച്ച തുടങ്ങി. ശനിയും തുടരും.
കൊല്ലം ജില്ലാ സമ്മേളനം ബി രാഘവൻ നഗറിൽ (പ്രതീക്ഷ കൺവൻഷൻ സെന്റർ, വാളകം) പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻപിള്ള ഉദ്ഘാടനംചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം കെ സോമപ്രസാദ് എംപി താൽക്കാലിക അധ്യക്ഷനായി. സ്വാഗതസംഘം ചെയർമാൻ പി എ എബ്രഹാം സ്വാഗതം പറഞ്ഞു.
സംസ്ഥാന കമ്മിറ്റി അംഗം കെ രാജഗോപാൽ പതാക ഉയർത്തി. ജില്ലാ സെക്രട്ടറിയറ്റ്അംഗങ്ങളായ ജോർജ് മാത്യൂ രക്തസാക്ഷി പ്രമേയവും ബി തുളസീധരക്കുറുപ്പ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. കെ സോമപ്രസാദ്, എസ് ജയമോഹൻ, എസ് ആർ അരുൺബാബു, സുജാചന്ദ്രബാബു, എം നൗഷാദ് എംഎൽഎ എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളനം നിയന്ത്രിക്കുന്നു.
ജില്ലാ സെക്രട്ടറി എസ് സുദേവൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിന്മേൽ പൊതുചർച്ച ആരംഭിച്ചു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ വൈക്കം വിശ്വൻ, എം വി ഗോവിന്ദൻ, പി കെ ശ്രീമതി, ടി എം തോമസ് ഐസക്, സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ എം എം മണി, ആനത്തലവട്ടം ആനന്ദൻ, കെ ജെ തോമസ്, കെ എൻ ബാലഗോപാൽ എന്നിവർ പങ്കെടുക്കുന്നു.