മലപ്പുറം
കൂട്ടുകാർക്ക് നിറപുഞ്ചിരി സമ്മാനിച്ച് 16 വർഷത്തെ കാത്തിരിപ്പിനൊടുവിൽ അവൾ വീണ്ടും കുടുംബത്തിലേക്ക് ചേക്കേറി. പുതുവത്സരപ്പുലരിയിൽ പുഷ്പയെ കാത്തിരിക്കുന്നത് പുതിയ ജീവിതം. വനിതാ ശിശു വികസന വകുപ്പിനുകീഴിൽ തവനൂർ റെസ്ക്യൂ ഹോമിലെ അന്തേവാസിയായിരുന്ന ഉത്തർപ്രദേശ് ഡയറിയ ജില്ലയിലെ ഗർമർ സ്വദേശി പുഷ്പ അച്ഛനൊപ്പം സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങി. യാത്ര പറഞ്ഞ് ഇറങ്ങുമ്പോൾ മുറിഞ്ഞ വാക്കുകളിൽ പുഷ്പ പറഞ്ഞു–- ‘അച്ഛൻ വന്നു ഞാൻ പോവാണ്. ഗ്രാമത്തിൽ അമ്മ കാത്തിരിക്കുന്നുണ്ട്’.
ചെറിയ മാനസിക വെല്ലുവിളി നേരിട്ട പുഷ്പ 2012ൽ ആണ് തിരൂർ പൊലീസ് മുഖേന റെസ്ക്യൂ ഹോമിലെത്തുന്നത്. അന്നുമുതൽ ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടായിരുന്നു. കൗൺസിലിങ്ങിൽനിന്നും മറ്റും അന്തേവാസികളുമായി സംസാരിക്കുന്നതിൽനിന്നുമാണ് ഉത്തർപ്രദേശ് സ്വദേശിയാണെന്ന് കണ്ടെത്തിയത്. തുടർന്ന് യുപി വുമൺ സ്റ്റേ സെന്ററുമായും ലഭ്യമായ മറ്റ് വിവരങ്ങളിലും അന്വേഷിച്ചാണ് മെയ് മാസത്തിൽ പുഷ്പയുടെ ബന്ധുക്കളെ കണ്ടെത്തുന്നത്. തുടർ അന്വേഷണത്തിലാണ് പുഷ്പയെ നഷ്ടമായിട്ട് 16 വർഷമായെന്ന് അറിയുന്നത്.
2005ൽ പുഷ്പയുടെ ചികിത്സയുമായി ബന്ധപ്പെട്ട് മുബൈ യാത്രക്കിടെ സെന്റർ റെയിവേ സ്റ്റേഷനിലെ തിരക്കിൽപ്പെട്ടാണ് പുഷ്പ ഒറ്റപ്പെടുന്നത്. അന്ന് പ്ലസ്വൺ വിദ്യാർഥിയായിരുന്നു. മകളെ കാണാനില്ലെന്ന് കാണിച്ച് പൊലീസ് പരാതി നൽകി. കൂറേക്കാലം അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് 2021 മെയ് മാസത്തിലാണ് പുഷ്പ മലപ്പുറം ജില്ലയിലെ തനവൂരിൽ ഉണ്ടെന്ന് വീട്ടുകാർ അറിയുന്നത്.
എന്നാൽ കോവിഡ് പ്രതിസന്ധിയിൽ പുഷ്പയുടെ മടക്കം മുടങ്ങി. കോവിഡ് ഇളവുകൾ വന്നതോടെ പുഷ്പയുടെ അച്ഛൻ ദീപ് രാജ് ഗുപ്ത മകളെ കൊണ്ടുപോവാൻ എത്തുകയായിരുന്നു. വ്യാഴാഴ്ച തവനൂരിൽ എത്തിയ അച്ഛൻ വെള്ളിയാഴ്ച വൈകിട്ടാണ് മകളുമായി മടങ്ങിയത്. രണ്ടുപേർക്കുമുള്ള തേർഡ് എസി ടിക്കറ്റും വീടുവരെ എത്താനുള്ള ഭക്ഷണമടക്കമുള്ള ചെലവും വനിതാ ശിശു വികസന വകുപ്പ് വഹിച്ചു.