കണ്ണൂർ
സംസ്ഥാനത്തിന്റെ സ്വപ്ന വികസന പദ്ധതിയായ കെ റെയിലിന്റെ സിൽവർ ലൈൻ അർധ അതിവേഗ പാത പദ്ധതിയുടെ പുരോഗതിയിൽ മറ്റൊരു നാഴികകല്ല് കൂടി. റെയിൽവെയുമായി സംയുക്ത പരിശോധന തുടങ്ങിയതിനു പിന്നാലെ കണ്ണൂരിലെ 22 വില്ലേജിൽ സാമൂഹികാഘാത പഠനം നടത്താൻ വിജ്ഞാപനമായി. എത്രപേരെ കുടിയൊഴിപ്പിക്കേണ്ടി വരും, എത്രപേർ മാറിത്താമസിക്കണം, മറ്റ് പ്രത്യാഘാതങ്ങളുണ്ടോ എന്നിവയാണ് പഠിക്കുന്നത്. കോട്ടയം മുള്ളങ്കുഴി വൊളണ്ടറി ഹെൽത്ത് സർവീസസിന്റെ പഠനം നൂറുദിവസത്തിനകം പൂർത്തിയാക്കും.
സിൽവർ ലൈന് 196 ഹെക്ടർ ഭൂമിയാണ് കണ്ണൂരിൽ ഏറ്റെടുക്കുക. ന്യൂമാഹി മുതൽ പയ്യന്നൂർവരെ 63 കിലോമീറ്ററാണ് പാത. പള്ളിക്കുന്നുമുതൽ പയ്യന്നൂർവരെയുള്ള വില്ലേജുകളിൽ സർവേ കല്ലിടൽ പൂർത്തിയായി. കണ്ണൂർ മുതൽ മയ്യഴിവരെയുള്ള ഭാഗത്ത് നടപടി തുടങ്ങി. പദ്ധതിയുടെ ഭാഗമായി സിആർസെഡ് സോണുകളെയും കണ്ടൽക്കാടുകളെയും കുറിച്ചുള്ള പഠനം നാഷണൽ സെന്റർ ഫോർ സസ്റ്റൈനബിൾ കോസ്റ്റൽ മാനേജ്മെന്റിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.