തിരുവനന്തപുരം: ക്രിസ്മസ് – പുതുവത്സരാഘോഷവേളയിൽ എക്സൈസ് വകുപ്പ് സംസ്ഥാനത്ത് നടത്തുന്ന സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവിന്റെ ഭാഗമായി റെക്കോഡ് ലഹരിവേട്ടയാണ് നടത്തിയതെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. 2021 ഡിസംബർ നാല് മുതൽ 2022 ജനുവരി മൂന്ന് വരെയാണ് ക്രിസ്തുമസ്- പുതുവൽസര ആഘോഷങ്ങൾ പ്രമാണിച്ച് സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവ് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ഇതിനകം 358 എൻഡിപിഎസ് കേസുകളും 1509 അബ്കാരി കേസുകളും കണ്ടെത്തി. ഇതിലൂടെ 522 കിലോഗ്രാം കഞ്ചാവ്, 3.312 കിലോഗ്രാം എംഡിഎംഎ, 453 ഗ്രാം ഹാഷിഷ് ഓയിൽ, 264 ഗ്രാം നാർക്കോട്ടിക് ഗുളികകൾ, 40 ഗ്രാം മെത്താംഫിറ്റമിൻ, 3.8 ഗ്രാം ബ്രൗൺ ഷുഗർ, 13.4 ഗ്രാം ഹെറോയിൻ, 543 ലിറ്റർ വാറ്റ് ചാരായം, 1072 ലിറ്റർ അന്യ സംസ്ഥാന മദ്യം, 3779 ലിറ്റർ ഐഎംഎഫ്എൽ, 33,939 ലിറ്റർ കോട എന്നിവ കണ്ടെടുത്തു.
ഇതിന് പുറമെ അമരവിള എക്സൈസ് ചെക്പോസ്റ്റിൽ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 15 ലക്ഷം രൂപ പിടിച്ചെടുത്ത് പാറശ്ശാല പോലീസിന് കൈമാറി. തമിഴ്നാട് അതിർത്തിയിൽ നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഓഫീസിലെ ഉദ്യോഗസ്ഥർ തമിഴ്നാട് പ്രൊഹിബിഷൻ വിങ്ങുമായി ചേർന്ന് നടത്തിയ പരിശോധനയിൽ 72,77,200 രൂപ പിടിച്ചെടുത്ത് തമിഴ്നാട് പ്രൊഹിബിഷൻ വിങ്ങിന് കൈമാറി. ഇതൊക്കെ എക്സൈസ് വകുപ്പ് ഉണർന്ന് പ്രവർത്തിച്ചതിന്റെ ഭാഗമാണെന്ന് മന്ത്രി പറഞ്ഞു.
പാലക്കാട് വേലന്താവളം എക്സൈസ് ചെക്ക് പോസ്റ്റിൽകൂടി കാറിൽ കടത്തിക്കൊണ്ടു പോകാൻ ശ്രമിച്ച 188 കിലോഗ്രാം കഞ്ചാവ് ചെക്ക്പോസ്റ്റ് ഉദ്യോഗസ്ഥർ കണ്ടെത്തി. വയനാട് മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റിൽ 69 ഗ്രാം എംഡിഎംഎ കണ്ടെത്തി. കണ്ണൂരിലെ ഇരിട്ടിയിൽ നിന്ന് ലോറിയിലും പിക്കപ്പ് വാനിലുമായി കടത്താൻ ശ്രമിച്ച 220.2 കിലോഗ്രാം കഞ്ചാവ് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് അംഗങ്ങൾ പിടികൂടി.
ഡിജെ പാർട്ടികളിൽ ലഹരി ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ അത്തരത്തിലുള്ള പാർട്ടികൾ വ്യാപകമായി പരിശോധിച്ചു. തിരുവനന്തപുരം പൂവാറിലെ റിസോർട്ടിലെ ഡിജെ പാർട്ടിയിൽ നിന്ന് കഞ്ചാവ്, ഹാഷിഷ് ഓയിൽ, സിന്തറ്റിക് ഡ്രഗ് വിഭാഗത്തിൽ പെടുന്ന എൽഎസ്ഡി, എംഡിഎംഎ തുടങ്ങിയ മയക്കുമരുന്നുകൾ പിടിച്ചെടുത്തു.
പാർസൽ സർവീസ് വഴിയും കുറിയർ സർവീസ് മുഖേനയും മയക്കുമരുന്നുകൾ വ്യാപകമായി അയക്കുന്നുവെന്ന വിവരം ലഭിച്ചതിന്റെ ഭാഗമായി നിരീക്ഷണം ശക്തിപ്പെടുത്തി. ഈ വഴി അയച്ച 13.4 കിലോഗ്രാം കഞ്ചാവ് പാറശ്ശാലയിൽ എക്സൈസ് ഉദ്യോഗസ്ഥർ പിടിച്ചുവെന്നും മന്ത്രി പറഞ്ഞു.