പറവൂർ > പറവൂർ വിസ്മയ കൊലപാതക കേസിൽ പ്രതി ജിത്തുവിനെ പെരുവാരം പനോരമ നഗറിലെ വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുത്തു. മാതാപിതാക്കൾ പുറത്തുപോയസമയത്ത് വിസ്മയയെ കുത്തിവീഴ്ത്തിയശേഷം തീകൊളുത്തുകയായിരുന്നുവെന്ന് വെള്ളിയാഴ്ച തെളിവെടുപ്പിനു വീട്ടിൽ കൊണ്ടുവന്നപ്പോഴും ജിത്തു ആവർത്തിച്ചു. വീട്ടിൽ മറ്റുള്ളവരിൽനിന്ന് തീർത്തും ഒറ്റപ്പെട്ടു എന്ന ജിത്തുവിന്റെ തോന്നലാണ് ചേച്ചി വിസ്മയയെ കൊലപ്പെടുത്താൻ പ്രധാന കാരണമെന്ന് പൊലീസ് പറഞ്ഞു.
പെരുവാരം പനോരമ നഗർ അറയ്ക്കപ്പറമ്പിൽ പ്രസാദത്തിൽ ശിവാനന്ദന്റെയും ജിജിയുടെയും മൂത്തമകൾ വിസ്മയ (ഷിഞ്ചു-25)യെ ചൊവ്വാഴ്ച പകൽ മൂന്നിനാണ് വീടിനുള്ളിൽ പൊള്ളലേറ്റു മരിച്ചനിലയിൽ കണ്ടെത്തിയത്. കൊലപാതകത്തിനുശേഷം വീടുവിട്ട ജിത്തുവിനെ വ്യാഴാഴ്ച കാക്കനാട് അനാഥാലയത്തിൽനിന്നാണ് കണ്ടെത്തിയത്.
കുത്തേറ്റു വീണ വിസ്മയയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ചശേഷം വടിയിൽ തുണി ചുറ്റി പന്തമുണ്ടാക്കി കത്തിച്ച് എറിയുകയായിരുന്നെന്നു ജിത്തു പൊലീസിനോടു പറഞ്ഞു. അതിനുശേഷം വസ്ത്രം മാറി വീടിനു പിന്നിലെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലംവഴി രക്ഷപ്പെട്ടു. കുത്താൻ ഉപയോഗിച്ച കത്തി, കൊല നടത്തുമ്പോൾ ധരിച്ചിരുന്ന വസ്ത്രം എന്നിവ വീട്ടിൽനിന്ന് കണ്ടെടുത്തു.
വീട്ടുകാരിൽനിന്ന് ലഭിച്ച വിവരങ്ങൾ പ്രകാരം, ജിത്തുവിന് ഉണ്ടായിരുന്ന പ്രണയം ചേച്ചി ഇടപെട്ടു ഒഴിവാക്കിയതാണ് കൊലപാതകത്തിനു കാരണമെന്നാണ് പൊലീസ് ആദ്യം കരുതിയത്. എന്നാൽ വിശദമായ ചോദ്യം ചെയ്യലിൽ, അതല്ല വീട്ടിൽ ഒറ്റപ്പെട്ടു എന്ന തോന്നലാണെന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞു.
മാതാപിതാക്കൾക്ക് വിസ്മയയോടാണ് കൂടുതൽ സ്നേഹമെന്ന തോന്നൽ വളരെക്കാലമായി ജിത്തുവിന് ഉണ്ടായിരുന്നു. ഇതോടെ മാനസികമായ ചില അസ്വാസ്ഥ്യങ്ങൾ പ്രകടിപ്പിച്ചുതുടങ്ങി. തുടർന്നാണ് ഇതിന് ചികിത്സ തുടങ്ങിയത്. കുറച്ചുനാൾമുമ്പ് വിട്ടിൽനിന്നു കാണാതായ ജിത്തുവിനെ പൊലീസ് കണ്ടെത്തിയപ്പോൾ താൻ ഇനി വീട്ടിലേക്കു പോകില്ലെന്ന് ജിത്തു വാശിപിടിച്ചു. പൊലീസ് ഇവരെ എറണാകുളത്തെ ഒരു സ്ഥാപനത്തിലാക്കി. ഇതിനെതിരെ കോടതിയെ സമീപിച്ച അമ്മ ജിജി കോടതി ഉത്തരവ് വാങ്ങി മകളെ വിട്ടിലേക്ക് കൊണ്ടുവന്നു. അതിനുശേഷമാണ് വീട്ടിൽ കെട്ടിയിടുന്ന രീതി തുടങ്ങിയതെന്ന് പൊലീസ് പറഞ്ഞു.
ജിത്തുവിനെ വീട്ടിൽ തെളിവെടുപ്പിന് കൊണ്ടുവരുന്നതു കാണാൻ അയൽവാസികളും, നാട്ടുകാരും തടിച്ചുകൂടിയിരുന്നു. വൈദ്യപരിശോധനയ്ക്കുശേഷം മജിസ്ട്രേട്ടിനുമുന്നിൽ ഹാജരാക്കിയ ജിത്തുവിനെ റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണങ്ങൾക്കായി വീണ്ടും പൊലീസ് കസ്റ്റഡിയിൽ വാങ്ങും.