കരിപ്പൂർ > കരിപ്പൂർ വിമാനത്താവളത്തിൽ ആറ് കേസുകളിലായി 4.889 കിലോഗ്രാം സ്വർണം പിടിച്ചു. കണ്ണൂർ സ്വദേശി മുഹമ്മദ് അജാസ് (22), മലപ്പുറം പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് സഫ് വാൻ (26), കാസർകോട് സ്വദേശി യഹ് യ ഫവാസ് (28), മലപ്പുറം സ്വദേശികളായ ഉസൈൻ മീനാട്ടിൽ (27), ശിഹാബുദ്ദീൻ (26), ശുഹൈബ് (38) എന്നിവരാണ് പിടിയിലായത്. ആറ് പേരിൽനിന്നായി പിടികൂടിയ സ്വർണത്തിന് രണ്ടുകോടി രൂപവില വരും.
ഇൻഡിഗോ എയറിന്റെ ഷാർജ-കോഴിക്കോട് വിമാനത്തിലാണ് മുഹമ്മദ് അജാസ് കരിപ്പൂരിലെത്തിയത്. ശരീരത്തിനകത്ത് ഗുളികരൂപത്തിൽ ഒളിപ്പിച്ച 1191 ഗ്രാം സ്വർണമാണ് ഇയാളിൽനിന്ന് കണ്ടെത്തിയത്. ഇന്ഡിഗോ വിമാനത്തിന്റെ ജിദ്ധ-കരിപ്പൂർ വിമാനത്തിലാണ് മുഹമ്മദ് സഫ്വാൻ എത്തിയത്. ശരീരത്തിൽ ഒളിപ്പിച്ച 958 ഗ്രാം സ്വർണമാണ് ഇയാളിൽനിന്ന് കണ്ടെടുത്തത്. എയർ ഇന്ത്യാ എക്സ്പ്രസിന്റെ ദുബായ് വിമാനത്തിലാണ് യഹ് യ ഫവാസ് എത്തിയത്. സ്വർണ ചെയിനിന്റെയും കഷ്ണങ്ങളുടേയും രൂപത്തിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ച 164 ഗ്രാം സ്വർണമാണ് ഇയാളിൽനിന്നും കണ്ടെടുത്തത്. ഇതേ വിമാനത്തിൽ എത്തിയ ഹുസൈനിൽനിന്ന് 1080 ഗ്രാം സ്വർണവും ശിഹാബുദ്ദീനിൽനിന്ന് 890 ഗ്രാം സ്വർണവും പിടികൂടി. എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗമാണ് അഞ്ചുപേരെ പിടികൂടിയത്.
എയർ ഇന്ത്യാ എക്സ്പ്രസിന്റെ ദുബായ്- കരിപ്പൂർ വിമാനത്തിലെത്തിയ ശുഹൈബ് ശരീരത്തിൽ ഒളിപ്പിച്ച് കടത്തിയ 871.6 ഗ്രാം സ്വർണവും പിടികൂടി. കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് ഇയാളെ പിടികൂടിയത്.
കസ്റ്റംസ് ഡെപ്യൂട്ടി കമീഷണർമാരായ ടി എ കിരൺ, ആനന്ദ് കുമാർ, പ്രിവന്റീവ് അസി. കമീഷണർ കെ വി രാജൻ, സൂപ്രണ്ടുമാരായ ടി എൻ വിജയ, പ്രമോദ് കുമാർ സവിത, എം പ്രകാശ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വർണ വേട്ട.