ന്യൂഡൽഹി > അഞ്ച് സംസ്ഥാനത്ത് നിർണായക തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാഹുൽ ഗാന്ധി വീണ്ടും രാജ്യംവിട്ടു. ഇത്തവണ യാത്ര ഇറ്റലിയിലേക്ക്. ഇതോടെ പഞ്ചാബിൽ ജനുവരി മൂന്നിന് നടക്കേണ്ട റാലി മാറ്റി. പാർലമെന്റ് ശൈത്യകാല സമ്മേളനത്തിന് ഒരുമാസംമുമ്പ് രാഹുൽ വിദേശത്തായിരുന്നു. തലേദിവസമാണ് തിരിച്ചെത്തിയത്.
ഈ വർഷത്തെ നാലാമത്തെ സന്ദർശനമാണ്. ‘രാഹുൽ കുറച്ചുദിവസം വ്യക്തിപരമായ കാര്യങ്ങൾക്കുവേണ്ടി വിദേശത്തേക്ക് പോകുകയാണ്. ബിജെപി അതിന്റെ പേരിൽ അനാവശ്യ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുത്’- കോൺഗ്രസ് വക്താവ് രൺദീപ് സുർജെവാല പ്രതികരിച്ചു. എന്നാൽ, രാഹുൽ എങ്ങോട്ട് പോയെന്നോ എന്ന് തിരിച്ചുവരുമെന്നോ കോൺഗ്രസ് വെളിപ്പെടുത്തിയിട്ടില്ല.
ജനുവരി മൂന്നിന് പഞ്ചാബിലെ മോംഗയിലാണ് രാഹുൽ പങ്കെടുക്കുന്ന റാലി നടക്കേണ്ടിയിരുന്നത്. രാഹുൽ ഇല്ലാത്തതുകൊണ്ട് റാലി മറ്റൊരു തീയതിയിലേക്ക് മാറ്റും. കോൺഗ്രസ് അധികാരത്തിലുള്ള പഞ്ചാബിൽ തെരഞ്ഞെടുപ്പ് പ്രചാരണം വൈകുന്നത് കാര്യമായ പ്രശ്നം സൃഷ്ടിക്കുമെന്ന് സംസ്ഥാന നേതാക്കൾക്ക് പരാതിയുണ്ട്. കഴിഞ്ഞ പുതുവത്സരത്തിൽ കർഷകപ്രക്ഷോഭം കൊടുമ്പിരിക്കൊണ്ട അവസരത്തിലും രാഹുൽ വിദേശത്തായിരുന്നു.