തിരുവനന്തപുരം: പേട്ടയിൽ മകളുടെ സുഹൃത്തായ പത്തൊമ്പതുകാരനെ അച്ഛൻ കൊലപ്പെടുത്തിയത് യാദൃച്ഛികമായി സംഭവിച്ചതല്ലെന്ന് പോലീസ്. കൊല്ലപ്പെട്ട അനീഷ് ജോർജ്ജിനോട് പ്രതി സൈമൺ ലാലന് വൈരാഗ്യം ഉണ്ടായിരുന്നു. ഇതു കൊണ്ടാണ് നെഞ്ചിൽ തന്നെ കുത്തിയതെന്നും പോലീസ് പറയുന്നു.
മൂത്ത മകളോടുള്ള സൗഹൃദവും തന്റെ കുടുംബവുമായി അനീഷ് സഹകരിക്കുന്നതും ലാലന് ഇഷ്ടമായിരുന്നില്ല. ഈ സൗഹൃദത്തെ ലാലൻ മുമ്പും വിലക്കിയിരുന്നതായും പോലീസ് പറയുന്നു. ഇത് മറികടന്ന് ലാലന്റെ ഭാര്യയും മക്കളും അനീഷുമായുള്ള സൗഹൃദം തുടർന്നു. ഇത് സംബന്ധിച്ചും ലാലന്റെ കർശന നിലപാടുകളിലും കുടുംബത്തിൽ അസ്വാരസ്യങ്ങളുണ്ടായിരുന്നു. ഇത് പലപ്പോഴും വഴക്കിലേക്കും എത്തിയിരുന്നു.
ചൊവ്വാഴ്ച ലാലന്റെ ഭാര്യയും മക്കളും അനീഷിനൊപ്പം ഷോപ്പിങ് മാളിൽ പോയിരുന്നു. ഇവിടെ നിന്ന് ഉച്ചയ്ക്ക് ആഹാരവും കഴിച്ചു. ഇതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഒരേ ദേവാലയത്തിൽ പോകുന്ന ലാലന്റേയും അനീഷിന്റേയും കുടുംബങ്ങൾ തമ്മിൽ മുൻ പരിചയമുണ്ടായിരുന്നു. ലാലന്റെ കുടുംബത്തിന്റെ സഹായിയുമായിരുന്നു അനീഷ്. ലാലന്റെ ഭാര്യക്കും അനീഷിന്റെ അമ്മയുമായും സൗഹൃദമുണ്ടായിരുന്നു.
ബുധനാഴ്ച പുലർച്ചെയാണ് ലാലന്റെ വീട്ടിൽ വച്ച് അനീഷിന് കുത്തേൽക്കുന്നത്. അനീഷിന്റെ നെഞ്ചിലും മുതുകിലും രണ്ട് കുത്തുകളുണ്ടായിരുന്നു. ഭാര്യയും മക്കളും തടഞ്ഞിട്ടും ലാലൻ കത്തി ഉപയോഗിച്ച് അനീഷിനെ ആക്രമിക്കുകയായിരുന്നു.
സംഭവദിവസം അനീഷും ലാലന്റെ കുടുംബാംഗങ്ങളും തമ്മിലുള്ള ഫോൺ സംഭാഷണങ്ങൾ പോലീസ് പരിശോധിക്കും. ലാലന്റെ വീട്ടിലുള്ളവർ വിളിച്ചതിനെ തുടർന്നാണ് അനീഷ് പോയതെന്നാണ് കുടുംബം ആരോപിക്കുന്നത്. ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ശംഖുംമുഖം എ.സി. ഡി.കെ.പൃഥ്വിരാജ് പറഞ്ഞു. അറസ്റ്റിലായ ലാലനെ കോടതി റിമാൻഡ് ചെയ്തു. ബുധനാഴ്ച പുലർച്ചെ പേട്ട ചായ്ക്കുടി ലെയ്നിലെ ഏദൻ എന്ന വീട്ടിലാണ് കൊലപാതകം നടന്നത്.
മനഃപൂർവം കൊലപ്പെടുത്തിയതാണെന്ന് അനീഷിന്റെ കുടുംബം
അനീഷിനെ മനഃപൂർവം കൊലപ്പെടുത്തിയതാണെന്ന് മാതാപിതാക്കൾ. പ്രതി ലാലൻ വീട്ടിൽ സ്ഥിരം വഴക്കുണ്ടാക്കുമായിരുന്നുവെന്നും കുടുംബത്തെ ഉപദ്രവിച്ചിരുന്നുവെന്നും ലാലന്റെ ഭാര്യ പറയാറുണ്ടെന്ന് അനീഷിന്റെ അമ്മ േഡാളി പറഞ്ഞു. വഴക്കുണ്ടാകുമ്പോൾ അനീഷിനെ ഇവർ വിളിക്കാറുണ്ടായിരുന്നു. അനീഷ് ലാലന്റെ വീട്ടിൽ പോകാറുണ്ടായിരുന്നു.
ലാലന്റെ കുടുംബത്തിന് അനീഷിനെ ഇഷ്ടമായിരുന്നുവെന്നും അമ്മ ഡോളി പറഞ്ഞു. മകളുടെയും അനീഷിന്റെയും വിവാഹക്കാര്യവും ലാലന്റെ ഭാര്യ സംസാരിച്ചിരുന്നു. കുട്ടികൾ പഠിച്ച് ഒരു നിലയിലായിട്ട് ആലോചിക്കാം എന്നും മറുപടി നൽകിയിരുന്നു.
സംഭവദിവസം പുലർച്ചെ അനീഷിന്റെ മൊബൈലിലേക്ക് പെൺകുട്ടിയുടെ വീട്ടിൽനിന്നും ഫോൺകോൾ വന്നു. ഇതിന്റെ തെളിവുകൾ തങ്ങളുടെ പക്കലുണ്ട്. ഫോൺ വന്നതിനു ശേഷമാകാം അനീഷ് അങ്ങോട്ടുപോയത്. എന്നാൽ, എപ്പോഴാണ് വീട്ടിൽനിന്നു പോയതെന്ന് തങ്ങൾക്ക് അറിയില്ലെന്ന് ജോർജും ഡോളിയും പറഞ്ഞു.
കുടുംബവഴക്കിൽ അനീഷ് ഇടപെട്ടതിന്റെ പ്രതികാരമാകാം കൊലപാതകത്തിനു കാരണമെന്നും കുടുംബം കരുതുന്നു.
ചൊവ്വാഴ്ച പെൺകുട്ടിയും സഹോദരിയും അമ്മയും അനീഷിനൊപ്പം ലുലുമാൾ സന്ദർശിച്ചിരുന്നുവെന്ന് അനീഷിന്റെ കുടുംബാംഗങ്ങൾ അറിയിച്ചു. മകന്റെ അപകടവിവരം അറിഞ്ഞപ്പോൾത്തന്നെ പെൺകുട്ടിയുടെ അമ്മയെ താൻ വിളിച്ചിരുന്നു. തനിക്കൊന്നുമറിയില്ല പോലീസ് സ്റ്റേഷനിൽ അന്വേഷിക്കാനാണ് അവർ പറഞ്ഞതെന്നും ഡോളി പറഞ്ഞു.
Content Highlights:pettah murder continues to be mysterious as family alleges planned murder